തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം അല്‍പ്പസമയത്തിനകം രാജ്യത്തിന് സമര്‍പ്പിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഴിഞ്ഞത്തെത്തി.
രാജ്ഭവനില്‍ നിന്നും പാങ്ങോട് മിലിട്ടറി ക്യാമ്പിലെത്തി അവിടെ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗമാണ് മോഡി വിഴിഞ്ഞത്തെത്തിയത്. സ്വപ്ന നിമിഷത്തിന് സാക്ഷ്യം വഹിക്കാനായി ആയിരക്കണക്കിന് ജനങ്ങളാണ് വിഴിഞ്ഞത്ത് എത്തിയിരിക്കുന്നത്.
11 മണിക്ക് കമ്മീഷനിങ് ചടങ്ങിന് ശേഷം, 11.15 മുതല്‍ 12 മണി വരെ പ്രധാനമന്ത്രി പ്രസംഗിക്കും. മുഖ്യമന്ത്രിക്ക് അഞ്ച് മിനിട്ടും മന്ത്രി വാസവന് മൂന്ന് മിനിട്ടുമാണ് പ്രസംഗിക്കാനുള്ള സമയം നല്‍കിയിരിക്കുന്നത്. മന്ത്രിമാരും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 9.30 മുതലാണ് പൊതുജനങ്ങളെ ചടങ്ങിലേക്ക് പ്രവേശിപ്പിച്ചത്. നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യാജ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.