വിഴിഞ്ഞം രാജ്യത്തിന്റെ മഹാ കവാടമെന്ന് പ്രധാനമന്ത്രി; പ്രസംഗത്തിലും പ്രതിപക്ഷത്തിന് കുത്ത്

 വിഴിഞ്ഞം രാജ്യത്തിന്റെ മഹാ കവാടമെന്ന് പ്രധാനമന്ത്രി; പ്രസംഗത്തിലും പ്രതിപക്ഷത്തിന് കുത്ത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ മഹാ കവാടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തിന്റെ പണം ഇനി പുറത്തേക്ക് ഒഴുകില്ലെന്നും രാജ്യത്തിനും കേരളത്തിനും സാമ്പത്തിക സ്ഥിരത നല്‍കാന്‍ ഇത് സഹായിക്കുമെന്നും അദേഹം പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേരളത്തില്‍ ഇത്രയും വലിയ തുറമുഖം നിര്‍മിച്ച അദാനിയെ പ്രശംസിച്ച്, ഗുജറാത്തിനേക്കാള്‍ വലിയ തുറമുഖമാണ് കേരളത്തില്‍ അദാനി നിര്‍മിച്ചതെന്നും ഗുജറാത്തുകാര്‍ അദേഹത്തോട് പിണങ്ങുമെന്നും മോഡി പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഭാഗമായ മുഖ്യമന്ത്രിയെയും ശശി തരൂരിനെയും പരാമര്‍ശിച്ച പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധിക്ക് നേരെ ഒളിയമ്പെയ്തും സംസാരിച്ചു.

'നമ്മുടെ മുഖ്യമന്ത്രിയോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്, താങ്കള്‍ ഇന്ത്യാ സഖ്യത്തിന്റെ ഒരു പ്രധാന ഘടകമാണ്. ശശി തരൂരും ഇവിടെ ഇരിക്കുന്നുണ്ട്. ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം നഷ്ടപ്പെടുത്തും'.

എന്നാല്‍ പ്രസംഗത്തിലെ ഇന്ത്യാ സഖ്യത്തെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ഹിന്ദിയിലെ ഈ വാക്കുകള്‍ പരിഭാഷകന്‍ വിവര്‍ത്തനം ചെയ്തില്ല. പരിഭാഷകന്‍ തന്റെ വാക്കുകള്‍ കൃത്യമായി വിവര്‍ത്തനം ചെയ്തില്ലെന്ന് മനസിലാക്കിയ പ്രധാനമന്ത്രി, 'പക്ഷേ സന്ദേശം പോകേണ്ട സ്ഥലത്തേക്ക് പോയി' എന്ന് ചിരിയോട് പറഞ്ഞുകൊണ്ട് പ്രസംഗം തുടര്‍ന്നത് സദസിലും ചിരി പടര്‍ത്തി.

കൂടുതല്‍ സ്വകാര്യ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്ന സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ പ്രസംഗത്തെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയില്‍ നിന്നും ഇത് കേട്ടതില്‍ സന്തോഷമുണ്ടെന്ന് മോഡി പറഞ്ഞു. പൊന്നാനി, പുതിയാപ്പ ഹാര്‍ബറുകള്‍ ആധുനിക വല്‍കരിക്കുന്നതിനുള്ള കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

വിഴിഞ്ഞം പദ്ധതി കേരളത്തിന് പുതുയുഗ പിറവിയാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന് അഭിമാനകരമായ പദ്ധതിയാണെന്നും അദാനി ഗ്രൂപ്പിന് നന്ദിയെന്നും പറഞ്ഞ മുഖ്യമന്ത്രി പദ്ധതിക്കായി കേരളം ചെലവഴിച്ച കണക്കുകളും വേദിയില്‍ അവതരിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.