കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. രാത്രി എട്ടോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു.
വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ പുക ഉയര്‍ന്നുവെന്ന് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നു. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഒന്നും കാണാന്‍ സാധിക്കാത്ത വിധം പുക ഉയര്‍ന്നു. ഇതോടെ പല രോഗികള്‍ക്കും ശ്വാസതടസം അടക്കമുള്ള അസ്വസ്ഥകളുണ്ടായി. ആളുകള്‍ പേടിച്ച് ചിതറിയോടി. പിന്നാലെ അത്യാഹിത വിഭാഗത്തിലെ 200ലധികം രോഗികളെ മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
സമീപത്തെ മറ്റ് ആശുപത്രികളിലേക്കാണ് രോഗികളെ മാറ്റിയത്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങളും മാറ്റി. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.