ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാന്‍. രാജ്യത്തിനെതിരെ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍ ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള 'പൂര്‍ണ ശക്തിയും' ഉപയോഗിക്കുമെന്ന് റഷ്യയിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു.
റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജമാലിയുടെ മുന്നറിയിപ്പ്. പാകിസ്ഥാന്‍ പ്രദേശത്ത് ഇന്ത്യ സൈനിക ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇസ്ലാമാബാദിന് വിശ്വസനീയമായ ഇന്റലിജന്‍സ് വിവരം ലഭിച്ചിട്ടുണ്ട്.
'പാകിസ്ഥാന്റെ ചില പ്രദേശങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിച്ചതായി സൂചിപ്പിക്കുന്ന മറ്റ് ചില രേഖകള്‍ ചോര്‍ന്നു ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സംഘര്‍ഷം ആസന്നമാണെന്ന് കരുതുന്നതായി ജമാലി പറഞ്ഞു.
അത്തരമൊരു ആക്രമണമുണ്ടായാല്‍ പാകിസ്ഥാന്‍ ആണവായുധം അടക്കം മുഴുവന്‍ ശക്തിയും പ്രയോഗിക്കും. പാകിസ്ഥാനുമായുള്ള നദീജല കരാര്‍ നിര്‍ത്തി വെച്ച ഇന്ത്യയുടെ നടപടിയേയും ജമാലി വിമര്‍ശിച്ചു.
നദീയിലെ വെള്ളം കൈയടക്കാനോ തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമവും പാകിസ്ഥാനെതിരായ യുദ്ധ നടപടിയായിട്ടാണ് കണക്കാക്കാനാകുക. ഇതിനെതിരെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു.
സിന്ധു നദിയിലെ ജലം വഴിതിരിച്ചു വിടാനായി ഇന്ത്യ ഏതുതരം നിര്‍മിതിയുണ്ടാക്കിയാലും തകര്‍ക്കുമെന്നാണ് പാക് പ്രതിരോധമന്ത്രി ഖവാജ മുഹമ്മദ് ആസിഫും ഭീഷണി മുഴക്കി. പാകിസ്ഥാന്റെ ജലം വഴിതിരിച്ചു വിടുന്നത് ആക്രമണത്തിന്റെ മുഖമായി കണക്കാക്കുമെന്നാണ് ഖവാജയുടെ പ്രസ്താവന.
സിന്ധു തടത്തില്‍ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ നീങ്ങിയാല്‍ പാകിസ്ഥാന്റെ പ്രതികരണം എന്തായിരിക്കുമെന്ന ചോദ്യത്തിനാണ് ഖവാജയുടെ പ്രകോപനപരമായ മറുപടി. ഇന്ത്യ അങ്ങനെ ചെയ്യുന്നത് പാകിസ്ഥാനെതിരായ ആക്രമണമായിരിക്കും. അവര്‍ ഇത്തരത്തിലുള്ള ശ്രമം നടത്തിയാല്‍ പാകിസ്ഥാന്‍ ആ നിര്‍മിതി നശിപ്പിക്കുമെന്നാണ് ഖവാജയുടെ ഭീഷണി.