'ഇന്‍ഫന്റ് ടെറിബിള്‍': ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ വത്തിക്കാന്റെ പ്രോട്ടോകോള്‍ മറികടന്നെത്തിയ ആ കന്യാസ്ത്രി ആര്?

 'ഇന്‍ഫന്റ് ടെറിബിള്‍': ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ വത്തിക്കാന്റെ  പ്രോട്ടോകോള്‍  മറികടന്നെത്തിയ ആ കന്യാസ്ത്രി ആര്?

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ അതി ശക്തമായ പ്രോട്ടോകോള്‍ പ്രകാരമാണ് മാര്‍പാപ്പമാരുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌കാരവും അപ്രകാരമായിരുന്നു. ലോക നേതാക്കളടക്കം നിരവധി വിവിഐപികള്‍ പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ കനത്ത സുരക്ഷയിലൂന്നിയ പ്രോട്ടോകോള്‍ അനിര്‍വാര്യമാണ്.

എന്നാല്‍ ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌കാര ചടങ്ങിനിടെ ഈ പ്രോട്ടോകോളുകളെല്ലാം മറികടന്ന്, തോളില്‍ ഒരു പച്ച ബാഗുമായി പ്രായമായ ഒരു കന്യാസ്ത്രീ പോപ്പിന്റെ ഭൗതിക ദേഹം സൂക്ഷിച്ചിരുന്ന പേടകത്തിന് അരികില്‍ എത്തുകയും കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ആരും ആ കന്യാസ്ത്രീയെ തടഞ്ഞില്ല.

കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍, പുരോഹിതര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍ എന്നിവര്‍ക്ക് മാത്രമാണ് മാര്‍പാപ്പയുടെ പേടകം സൂക്ഷിച്ചിരുന്നതിന് ചുറ്റുമുള്ള നിയന്ത്രിത പ്രദേശത്ത് കടക്കാന്‍ അനുവാദമുണ്ടായിരുന്നത്. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാരമ്പര്യം ഒരു കന്യാസ്ത്രീ മറികടന്നെങ്കിലും ആരും അവരെ തടയാത്തതിന് കാരണം ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള അവരുടെ ആഴമേറിയ സൗഹൃദവും ആത്മ ബന്ധവുമായിരുന്നു.

ഒരു ഔദ്യോഗിക വക്താവ് സിസ്റ്ററിനെ പാപ്പയുടെ മുന്നിലേയ്ക്ക് എത്തിക്കുന്നതിന്റെയും അദേഹത്തിന്റെ ഭൗതിക ദേഹത്തിന് സമീപം സിസ്റ്റര്‍ അല്‍പനേരം ചെലവഴിക്കുന്നതിന്റെയും പിന്നീട് മടങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അസാധാരണമായ ആ കാഴ്ച കണ്ട പലരും ചോദിച്ചു... ആരാണ് ആ കന്യാസ്ത്രീ.


എണ്‍പത്തൊന്നുകാരിയായ ഫ്രഞ്ച്-അര്‍ജന്റീനിയന്‍ സന്യാസിനിയായ സിസ്റ്റര്‍ ജെനീവീവ് ജീനിം ഗ്രോസ് ആയിരുന്നു അത്. ഫ്രാന്‍സിസ് മാര്‍പാപ്പ സ്നേഹത്തോടെ 'ഇന്‍ഫന്റ് ടെറിബിള്‍' എന്ന് വിളിച്ചിരുന്ന സിസ്റ്റര്‍ ജെനീവീവ് ജീനിം ഗ്രോസ്. ശക്തമായ പ്രതികരണ സ്വഭാവമുള്ളതിനാലാണ് സിസ്റ്ററിനെ പാപ്പ അപ്രകാരം വിളിച്ചിരുന്നത്.

2000 ല്‍ അര്‍ജന്റീനിയയിലെ ബ്യൂണസ് അയേഴ്‌സിന്റെ ആര്‍ച്ച് ബിഷപ്പായിരിക്കെയാണ് ഫ്രാന്‍സിസ് പാപ്പ സിസ്റ്റര്‍ ജെനീവീവിനെ ആദ്യമായി കണ്ടു മുട്ടുന്നത്. പിന്നീട് രണ്ട് പതിറ്റാണ്ടിലേറെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശ്വസ്ത സുഹൃത്തായിരുന്നു സിസ്റ്റര്‍ ജെനീവീവ്.

അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള അവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് സൗഹൃദം കൂടുതല്‍ ആഴത്തിലാക്കിയത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള ആളുകളുടെ സംഘങ്ങളെ എല്ലാ ബുധനാഴ്ചകളിലും വത്തിക്കാന്റെ പൊതു പ്രേക്ഷകര്‍ക്കിടയിലേയ്ക്ക് സിസ്റ്റര്‍ കൊണ്ടു വരുമായിരുന്നു.

ഇവരില്‍ ഭവന രഹിതരും ട്രാന്‍സ്ജെന്‍ഡേഴ്‌സും ഉള്‍പ്പെട്ടിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ അവരെ സ്വാഗതം ചെയ്യുക മാത്രമല്ല, ഭക്ഷണത്തിന് ക്ഷണിക്കുകയും ആവശ്യമുള്ളപ്പോള്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു.

ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ജീസസ് എന്ന സംഘടനയുടെ അംഗമായ സിസ്റ്റര്‍ ജെനീവീവ് 56 വര്‍ഷമായി ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍, താഴെത്തട്ടിലുള്ള തൊഴിലാളികള്‍, എല്‍ജിബിടിക്യു വിഭാഗം എന്നിവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. അര്‍ജന്റീനയിലെ സൈനിക സ്വേച്ഛാധിപത്യ കാലത്ത് 1977 ല്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കന്യാസ്ത്രീയായ ലിയോണി ഡുക്യുറ്റിന്റെ ബന്ധു കൂടിയാണ് സിസ്റ്റര്‍ ജെനീവീവ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.