ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാന്‍, ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണത്തിനും ശ്രമം നടത്തുന്നതായി കരസേന.
ഇന്ത്യന്‍ മിലിട്ടറി എഞ്ചിനീയറിങ് സര്‍വീസ്, മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് എന്നിവയുടെ വെബ്‌സെറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണശ്രമം നടന്നതായാണ് ഒടുവില്‍ പുറത്തു വരുന്ന വിവരം.
വ്യക്തിഗത വിവരങ്ങള്‍ അടക്കം ചോര്‍ത്താന്‍ ശ്രമം നടന്നുവെന്നും ഇത് തടയാന്‍ നടപടികള്‍ സ്വീകരിച്ചെന്നും കരസേന വൃത്തങ്ങള്‍ വ്യക്തമാക്കി. അതിനിടെ ഇന്ത്യന്‍ കര സേനയുമായി ബന്ധപ്പെട്ട നിര്‍ണായക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്‌തെന്ന് 'പാകിസ്ഥാന്‍ സൈബര്‍ ഫോഴ്സ്' എന്ന സംഘടന സമൂഹ മാധ്യമമായ എക്‌സിലൂടെ അവകാശപ്പെട്ടു.
ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആര്‍മേര്‍ഡ് വെഹിക്കിള്‍ നിഗം ലിമിറ്റഡിന്റെ (AVNL) വെബ്സൈറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ വികൃതമാക്കി എക്‌സില്‍ ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ചോര്‍ത്തിയതായാണ് ഇവരുടെ അവകാശ വാദം. സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ സംഭവത്തില്‍ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.