തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം രാജ്യത്തെ 244 ജില്ലകളില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. കേരളത്തിലെ 14 ജില്ലകളിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സൈറണ്‍ മുഴക്കുകയും മോക്ക്ഡ്രില്‍ നടത്തുകയും ചെയ്തു.
യുദ്ധകാല അടിയന്തിര സാഹചര്യമുണ്ടാവുകയാണെങ്കില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്, പെരുമാറേണ്ടത് എന്നതുസംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കുന്ന പരിപാടിയാണ് നടന്നത്. കമ്യൂണിറ്റിതല ഇടപെടലുകള്‍ക്കും ഗാര്‍ഹികതല ഇടപെടലുകള്‍ക്കുമുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും നല്‍കിയിരുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ ഗൗരവം ഉള്‍ക്കൊണ്ട് മോക്ക് ഡ്രില്ലില്‍ പങ്കാളികളായി.
കേരളത്തില്‍ 126 കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രില്‍ നടന്നത്. ഷോപ്പിങ് മാളുകള്‍, സിനിമ തീയേറ്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള തിരക്കേറിയ സ്ഥലങ്ങളിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ജനങ്ങളെ ഒഴിപ്പിക്കുകയും വിവിധ കേന്ദ്രങ്ങളില്‍ ലൈറ്റ് ഓഫ് ചെയ്യുകയും ചെയ്തു.