ഡോണിയര്‍ വിമാനങ്ങള്‍ പറന്ന് നിരീക്ഷണം: വിഴിഞ്ഞത്ത് പ്രത്യേക റഡാര്‍; സംസ്ഥാനത്തും കനത്ത ജാഗ്രത

 ഡോണിയര്‍ വിമാനങ്ങള്‍ പറന്ന് നിരീക്ഷണം: വിഴിഞ്ഞത്ത് പ്രത്യേക റഡാര്‍; സംസ്ഥാനത്തും കനത്ത ജാഗ്രത

തിരുവനന്തപുരം: അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും സൈനിക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി കളക്ടര്‍മാരുടെ യോഗം വിളിക്കും.

വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്. റഡാര്‍ നിരീക്ഷണവും ശക്തമാക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീര സംരക്ഷണസേനയുടെ നിരീക്ഷണം.

വിഴിഞ്ഞത്തെ പുറംകടലില്‍ ചരക്ക് കപ്പല്‍ നങ്കൂരമിട്ടതിനെ തുടര്‍ന്ന് തീരസംരക്ഷണ സേന പരിശോധന നടത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര ചെയ്യാനാകാതെയാണ് കപ്പല്‍ പുറംകടലില്‍ തുടരുന്നതെന്നാണ് വിവരം. പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.

കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. വിമാനസര്‍വീസുകള്‍ തടസപ്പെട്ടിട്ടില്ല. സുരക്ഷാ പരിശോധന ശക്തമാക്കിയതിനാല്‍ ആഭ്യന്തര യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പും അന്താരാഷ്ട്ര യാത്രക്കാര്‍ അഞ്ച് മണിക്കൂര്‍ മുമ്പും എത്തണമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.