സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും; ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ പാടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും; ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ പാടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കലവൂര്‍ ഗവ. എച്ച്.എസ്.എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചുവെന്നും ചര്‍ച്ച നടക്കുന്നതേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി. സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണം. മെയ് 25, 26 തിയതികളില്‍ സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തണം. ക്ലാസുകളും പരിസരവും വൃത്തിയാക്കണം. പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണം.

സ്‌കൂള്‍ ബസുകളുടെ ഫിറ്റ്നസ്, കുട്ടികള്‍ എത്തുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് സുരക്ഷിതത്വം ഉണ്ടോയെന്ന് ഉറപ്പാക്കണം. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ ഫിറ്റ്നസ് ഉറപ്പാക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം പ്രത്യേകം വേര്‍തിരിക്കണം. ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ പാടില്ല. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ സമയത്ത് സ്‌കൂള്‍ കാമ്പസുകളില്‍ അന്യര്‍ക്ക് പ്രവേശനം നിരോധിച്ചു. കുട്ടികളുമായി പുറത്തു നിന്നുള്ളവര്‍ ഇടപെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ പരിശോധിക്കണം. പുകയില, ലഹരി വിരുദ്ധ ബോര്‍ഡുകള്‍ സ്‌കൂളില്‍ സ്ഥാപിക്കണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ആയിരിക്കും പിടിഎ പ്രസിഡന്റിന്റെ കാലാവധിയെന്നും മന്ത്രി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.