കൊച്ചി: ഔദ്യോഗിക കൃത്യ നിര്‍വഹണവുമായി ബന്ധമില്ലാത്ത കേസുകളില്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ജസ്റ്റിസ് എ. ബദറുദ്ദീന്റേതാണ് ഉത്തരവ്.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, പദവി ദുരുപയോഗം, ജാതി അധിക്ഷേപം തുടങ്ങിയവ പൊതുസേവകന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗം അല്ലാത്തതിനാല്‍ ഇത്തരം കേസുകളില്‍ ഉദ്യോഗസ്ഥരുടെ വിചാരണയ്ക്ക് അനുമതി ആവശ്യമില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
പട്ടികജാതിക്കാരിയായ സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ ഈ വകുപ്പുകള്‍ പ്രകാരം കേസുകള്‍ ചുമത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ഹര്‍ജി തള്ളിയാണ് ഉത്തരവ്. ഉദ്യോഗസ്ഥര്‍ ജാതീയമായി അധിക്ഷേപിച്ചെന്നത് അടക്കം ആരോപിച്ചായിരുന്നു സഹപ്രവര്‍ത്തക പരാതി നല്‍കിയത്. താന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വരുത്താന്‍ പദവി ദുരുപയോഗം ചെയ്ത് വ്യാജ രേഖ ചമയ്ക്കുകയും വഞ്ചിക്കുകയും ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പൊലീസിലും പിന്നീട് കോടതിയിലും നല്‍കിയ പരാതിയില്‍ പരാതിക്കാരി ഉറച്ചു നിന്നു.
ആരോപണം പ്രോസിക്യൂഷന്‍ സാക്ഷികളും സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് കേസില്‍ വിചാരണ നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ല്‍ ഉത്തരവിട്ടു. ഈ നടപടി ചോദ്യം ചെയ്ത് ഇരുവരും നല്‍കിയ റിവ്യൂ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പൊതുസേവകരെന്ന നിലയില്‍ കൃത്യ നിര്‍വഹണത്തിനിടയിലെ ആരോപണമായതിനാല്‍ വിചാരണയ്ക്ക് സര്‍ക്കാര്‍ അനുമതി വേണമെന്നും സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
റിവ്യൂ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ ഒന്നാം പ്രതി മരണപ്പെട്ടതിനാല്‍ രണ്ടാം പ്രതിയുടെ വാദങ്ങളാണ് കോടതി കേട്ടത്. ഔദ്യോഗിക കൃത്യനിര്‍വഹകണവുമായി ബന്ധമില്ലാത്ത ചെയ്തികള്‍ കേസിനിടയാക്കിയാല്‍ പ്രോസിക്യൂഷന്‍ അനുമതി പോലുള്ള നിയമപരമായ സംരക്ഷണത്തിന് സര്‍ക്കാര്‍ അര്‍ഹരല്ലെന്ന് സുപ്രീം കോടതി ഉത്തരവടക്കം ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. പ്രഥമമദൃഷ്ട്യാ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി. വിചാരണക്കോടതി ഉത്തരവ് ശരിവെച്ച് തുടര്‍നടപടികളിന്മേലുള്ള സ്റ്റേ ഒഴിവാക്കി.