ഗാസ സിറ്റി: ഗാസയിൽ ബന്ദിയാക്കിയിരുന്ന അവസാനത്തെ അമേരിക്കൻ പൗരനെയും വിട്ടയച്ചതായി ഹമാസ്. ഗാസയിൽ വെടിനിർത്തൽ കരാർ തുടരുന്നത് ലക്ഷ്യമിട്ട് ഈഡൻ അലക്സാണ്ടറെ വിട്ടയയ്ക്കുമെന്ന് ഹമാസ് നേരത്തെ വിശദമാക്കിയിരുന്നു. 21 കാരനായ ഈഡൻ അലക്സാണ്ടറിനെ റെഡ് ക്രോസിന് കൈമാറിയെന്ന് ഹമാസ് അറിയിച്ചു. യുഎസിലെ ന്യൂ ജഴ്സിയിലാണ് ഈഡൻ ജനിച്ച് വളർന്നത്. 2023ലായിരുന്നു ഇസ്രയേൽ സൈനികനായിരുന്ന ഈഡനെ ഹമാസ് തട്ടിക്കൊണ്ട് പോയത്.
കഴിഞ്ഞ ദിവസം ഈഡനെ വിട്ടയക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. സമാധാനത്തിലേക്കുള്ള ചുവടുവെപ്പെന്നായിരുന്നു യുഎസിൻ്റെ പ്രതികരണം. ഇതൊരു നിർണായക ചുവടുവെപ്പായാണ് കാണുന്നതെന്നും ഹമാസിൻ്റെ കൈവശമുള്ള നാല് യുഎസുകാരുടെ മൃതദേഹം കൂടി അവർ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് പ്രതിനിധികൾ അറിയിച്ചിരുന്നു.
ഈഡൻ അലക്‌സാണ്ടറിനെ വിട്ടയക്കാനുള്ള തീരുമാനം ഖത്തറും ഈജിപ്തും സ്വാഗതം ചെയ്തു. ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനും തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതിനും മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഗാസയിലേക്കുള്ള സഹായം തടസങ്ങളില്ലാതെ ഉറപ്പാക്കുന്നതിനും വേണ്ടി സമാധാന ചർച്ചകളിലേക്കുള്ള ചുവടുവയ്പ്പായി ഹമാസിന്റെ തീരുമാനത്തെ ഇരുരാജ്യങ്ങളും കണക്കാക്കുന്നത്.