'ഷവര്‍മ കഴിച്ച് മരിക്കുന്നതില്‍ മുഹമ്മദോ തോമസോ ഇല്ല...'; ആക്രാന്തം മൂത്ത് തിന്ന് ചാവുന്നവന്റെ പേര് ഹിന്ദു, വിദ്വേഷ പരാമര്‍ശവുമായി എന്‍.ആര്‍ മധു

'ഷവര്‍മ കഴിച്ച് മരിക്കുന്നതില്‍ മുഹമ്മദോ തോമസോ ഇല്ല...'; ആക്രാന്തം മൂത്ത് തിന്ന് ചാവുന്നവന്റെ പേര് ഹിന്ദു, വിദ്വേഷ പരാമര്‍ശവുമായി എന്‍.ആര്‍ മധു

കൊല്ലം: വിദ്വേഷ പരാമര്‍ശവുമായി ആര്‍എസ്എസ് പ്രസിദ്ധീകരണമായ കേസരിയുടെ മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍ മധു. ഭക്ഷണത്തെ മതവുമായി ബന്ധപ്പെടുത്തിയാണ് വിവാദ പരമാര്‍ശം നടത്തിയിരിക്കുന്നത്. ആക്രാന്തം മൂത്ത് ഷവര്‍മ കഴിച്ച് മരിക്കുന്നത് ഹിന്ദുവാണെന്നായിരുന്നു മധുവിന്റെ പരാമര്‍ശം. കൊല്ലം കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാര്‍വതി ക്ഷേത്രത്തിലെ പ്രസംഗത്തിലായിരുന്നു പരാമര്‍ശം.

ഷവര്‍മ കഴിച്ച് മരിക്കുന്നവരില്‍ മുഹമ്മദോ ആയിഷയോ തോമസോ ഇല്ലെന്നും ചാവുന്നവന്റെ പേര് ഹിന്ദുവെന്നാണെന്നും അദേഹം പറഞ്ഞു. ആഹാരം തൃപ്തി തോന്നണമെങ്കില്‍ ഇന്ന് അറേബ്യന്‍ ഫുഡ് കഴിക്കണം. ഇന്ന് രാത്രി ഭക്ഷണത്തിന്റെ കാലമാണ്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും പാതിരാത്രി ഭക്ഷണം കഴിക്കുന്നവരാണുള്ളത്. അതൊക്കെ ഏത് ഭക്ഷണമാണ്. ആ ഭക്ഷണങ്ങളുടെ പേരുകള്‍ നമുക്ക് ഓര്‍ത്തെടുക്കാന്‍ പോലും പറ്റില്ല. മാംസം കഴിക്കുന്നത് തെറ്റാണെന്നൊന്നും പറയുന്നില്ല.

പക്ഷേ കരിഞ്ഞ മാംസത്തിന്റെ തീക്ഷ്ണമായ ഗന്ധം നാസാദ്വാരങ്ങളില്‍ തുളച്ചു കടന്ന് പോകുന്നു. വൈകുന്നേരങ്ങളില്‍ കേരളത്തിലെ തെരുവുകളില്‍ നടക്കുന്നത് ശ്മശാനത്തില്‍ നടക്കുന്നത് പോലെയാണ്. കഴിക്കുന്നത് 'ശവ വര്‍മയാണ്'. കഴിക്കുന്നത് വര്‍മയാണ്, കഴിക്കുന്നത് ശവമാണ്. ശവവര്‍മ കഴിച്ച് കേരളത്തില്‍ അനേകം പേര്‍ മരിച്ചു. അതില്‍ ഒരു മുഹമ്മദ് ഇല്ല, ഒരു ആയിഷ ഇല്ല, ഒരു തോമസ് ഇല്ല. പക്ഷേ അതില്‍ വര്‍മയുണ്ടായിരുന്നു. 

അതുകൊണ്ടായിരിക്കും ഒരു പക്ഷേ ഇത് ശവര്‍മയായത്. ആക്രാന്തം മൂത്ത് പണ്ടാരമടങ്ങാന്‍ ഇത് പോയി തിന്ന് ചാവുന്നവന്റെ പേര് ഹിന്ദുവെന്നാണെന്നും എന്‍.ആര്‍ മധു പറഞ്ഞുവെയ്ക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.