ന്യൂഡല്‍ഹി : അബദ്ധത്തില്‍ അതിർത്തി കടന്നപ്പോള്‍ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറി. ഏപ്രില്‍ 23ന് പാകിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെ ആണ് ഇന്ന് രാവിലെ ഇന്ത്യക്ക് കൈമാറിയത്. രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു.
പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പൂര്‍ണം കുമാര്‍ ഷാ. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനുമായുള്ള പിരിമുറുക്കത്തിനിടെയായിരുന്നു ബിഎസ്എഫ് ജവാന്‍ കസ്റ്റഡിയിലാകുന്നത്.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കർഷകർക്ക് അനുവാദം നൽകാറുണ്ട്. കർഷകരെ സഹായിക്കാൻ പോയ ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചർമാർ കസ്റ്റഡിയിലെടുത്തത്. കർഷകർ കൃഷിചെയ്യുകയായിരുന്ന സ്ഥലത്ത് നിന്ന് കുറച്ചുകൂടി മുന്നോട്ട് പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചർമാർ തടഞ്ഞുവെച്ചത്.