കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം; ടെക്സസിൽ ഇനി മാസ്ക് വേണ്ട

കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം; ടെക്സസിൽ ഇനി മാസ്ക് വേണ്ട

ടെക്സസ്: ടെക്സസിലെ ബിസിനസുകൾ വീണ്ടും തുറക്കാനും സംസ്ഥാനത്തിന്റെ മാസ്ക് മാൻഡേറ്റ് നീക്കം ചെയ്തുകൊണ്ടുമുള്ള ഉത്തരവ് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് ഇന്ന് പുറപ്പെടുവിച്ചു. “ടെക്സസ് നൂറ് ശതമാനം തുറക്കാനുള്ള സമയമായി,” അബോട്ട് പറഞ്ഞു. “ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടായിരിക്കണം. തുറക്കാൻ ആഗ്രഹിക്കുന്ന എല്ലാ ബിസിനസും തുറന്നിരിക്കണം”.


ബിസിനസുകൾ പൂർണ്ണമായും വീണ്ടും തുറക്കാനുള്ള കാരണങ്ങളായി അബോട്ട് ചൂണ്ടിക്കാണിക്കുന്നത് ഇവയാണ്. ചികിത്സക്കുള്ള ഉപകരണങ്ങൾ, ചികിത്സാ സംവിധാനങ്ങൾ, ആന്റിബോഡി ചികിത്സകൾ, മരുന്നുകൾ, ടെസ്റ്റിംഗിനുള്ള സൗകര്യങ്ങൾ ഇവ ആവശ്യത്തിന് ഉണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ 'ടെക്സന്മാർ' ശീലിച്ച് കഴിഞ്ഞു എന്നും അബോട്ട് പറഞ്ഞു. “എന്നാൽ ഏറ്റവും പ്രധാനമായി, ഇപ്പോൾ ടെക്സസിലും രാജ്യത്തുടനീളവും വാക്സിനുകൾ ലഭ്യമായിട്ടുണ്ട് , കോവിഡ് -19 ൽ നിന്ന് ടെക്സസുകാരെ സംരക്ഷിക്കുന്നതിനുള്ള വാക്സിനുകൾ. ”അബോട്ട് പറഞ്ഞു.

ഏഴ് ശതമാനത്തിൽ താഴെ മാത്രമാണ് ടെക്സസിൽ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുള്ളത്. ആരോഗ്യ വിദഗ്ധരും പ്രാദേശിക ഉദ്യോഗസ്ഥരും ഈ ഉത്തരവിനോട് അത്ര തൃപ്തികരമായ രീതിയിലല്ല പ്രതികരിച്ചത്. ടോറന്റ് കൗണ്ടി ജഡ്ജി ഗ്ലെൻ വിറ്റ്‌ലി പറഞ്ഞത്. കേസുകൾ ഉയർന്നുവരാനുള്ള സാധ്യതയുള്ളതിനാൽ ഉത്തരവ് റദ്ദാക്കാനും നിയന്ത്രണങ്ങൾ നീക്കം ചെയ്യാനും അബോട്ടിന് അല്പം കൂടി കാക്കാമായിരുന്നു എന്നാണ്. തനിക്ക് അത് ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

“ഗവർണർ ഗവർണറാണ്, ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അദ്ദേഹത്തിന് അധികാരമുണ്ട് "വിറ്റ്‌ലി പറഞ്ഞു. മാർച്ച് 10 നാണ് ഉത്തരവ് പ്രാബല്യത്തിൽ വരുന്നതെങ്കിലും അബോട്ടിന്റെ ഉത്തരവിന്റെ വെളിച്ചത്തിൽ തന്റെ കൗണ്ടിയിൽ ഇത് ഉടനടി പ്രാബല്യത്തിൽ കൊണ്ടുവരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ടോറന്റ് കൗണ്ടിയുടെ ‘മാസ്ക് മാൻഡേറ്റ്’വിറ്റ്‌ലി നീക്കം ചെയ്തു. ഗവർണർ ഇത് തീരുമാനിച്ച സ്ഥിതിക്ക് ഇനി പത്താം തീയതി വരെ കാക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡാളസ് കൗണ്ടി ജഡ്ജ്‌ ക്ലെയ്‌ ജെങ്കിൻസ് ഈ ഉത്തരവിനെ ' നിർഭാഗ്യകരം ' എന്നാണ് വിശേഷിപ്പിച്ചത്. "ഗവർണർ പറയുന്ന നിയമത്തിലല്ല ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിനാണ് നാം ചെവികൊടുക്കേണ്ടത്. നാം പരസ്പരം കരുതലോടെ കാണണം, നല്ല അയൽക്കാരനാവണം."ജെങ്കിൻസ് പറഞ്ഞു. എല്ലാവരും മാസ്ക് വയ്ക്കുന്ന ശീലം തുടരണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഡാളസ് മേയറും എല്ലാവരും മാസ്ക് ധരിക്കുന്നത് തുടരണം എന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു .

ടെക്സസ് സംസ്ഥാനത്തെ പല കൗണ്ടി നേതാക്കളും ഗവർണറുടെ ഉത്തരവ് നിയമപരമായി നടപ്പാക്കുമെങ്കിലും എല്ലാവരും മാസ്ക് വയ്ക്കുക തന്നെ ചെയ്യണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് നിരക്ക് കുറഞ്ഞത് കൊണ്ട് ശ്രദ്ധ കുറക്കാൻ പാടില്ല, കൂടുതൽ ശ്രദ്ധിക്കുക തന്നെ വേണം. കാലിഫോർണിയയിൽ കണ്ടെത്തിയ പുതിയ വേരിയന്റ് വൈറസ് അപകടകരമാണ്. വൈറസിനെ തടുക്കാൻ മാസ്ക് അത്യാവശ്യമാണ്.

ടെക്സസിൽ കഴിഞ്ഞ ഒരാഴ്ച ഉണ്ടായ മഞ്ഞുവീഴ്ചയും കടുത്ത ശൈത്യവും കൊണ്ടുവന്നത് ഒരു 'ലോക്ക് ഡൌൺ' ആയിരുന്നു. ആരും എങ്ങും പോകാതെ വീടുകളിൽ തന്നെ കഴിച്ചുകൂട്ടിയ ഒരാഴ്ച കോവിഡ് വ്യാപനം കുറെ നിയന്ത്രണത്തിലാക്കി നിരക്ക് കുറഞ്ഞു. എന്നാൽ അത് നിമിത്തം നിയന്ത്രണങ്ങൾ എടുത്തുമാറ്റുന്നതിനോട് പലർക്കും വിയോജിപ്പാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.