വത്തിക്കാൻ സിറ്റി: ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും സജീവ സാന്നിധ്യമാകാൻ ലിയോ പതിനാലാമൻ മാർപാപ്പ. പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പാപ്പ ആരംഭിച്ചു.
ഇന്‍സ്റ്റാഗ്രാമില്‍ പാപ്പയുടെ പുതിയ അക്കൗണ്ട് @Pontifex Pope Leo XIV എന്ന പേരിലാണ് ആരംഭിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ @Franciscus എന്ന ഇന്‍സ്റ്റ അക്കൗണ്ട് തുടര്‍ന്നും ലഭ്യമാകുമെന്ന് വത്തിക്കാൻ അറിയിച്ചു.
ഫ്രാൻസിസ് മാർപാപ്പയും ബെനഡിക്റ്റ് പതിനാറാമനും മുൻപ് ഉപയോഗിച്ചിരുന്ന ട്വിറ്റർ അക്കൗണ്ട്( X @Pontifex ) തന്നെയാണ് ലിയോ പതിനാലാമൻ പാപ്പായും ഉപയോഗിക്കുക.
മെയ് എട്ടിന് തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഉർബി എറ്റ് ഓർബിയിൽ നടത്തിയ ആദ്യ പൊതു പ്രസംഗത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പാപ്പ ആദ്യമായി നിയുക്ത അക്കൗണ്ടിൽ പങ്കിട്ടത്. "നിങ്ങൾക്കെല്ലാവർക്കും സമാധാനം! നല്ല ഇടയനായ ഉയിർത്തെഴുന്നേറ്റ ക്രിസ്തു പറഞ്ഞ ആദ്യ ആശംസയാണിത്. സമാധാനത്തിന്റെ ഈ ആശംസ നിങ്ങളുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും ലോകമെമ്പാടും പ്രതിധ്വനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."- പാപ്പ കുറിച്ചു.
ഈ രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഫ്രാന്‍സിസ് മാര്‍പാപ്പ സജീവ സാന്നിധ്യം നിലനിര്‍ത്തിയിരുന്നു. തന്റെ കര്‍ദിനാള്‍ കാലഘട്ടത്തില്‍ തന്നെ സജീവമായ ഓണ്‍ലൈന്‍ സാന്നിധ്യം നിലനിര്‍ത്തിയിരുന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഫ്രാന്‍സിസ് പാപ്പയുടെ കാലടികള്‍ പിന്തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തോട് പ്രത്യേകിച്ചും യുവജനങ്ങളോട് സജീവമായി സംവദിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.