കാളികാവ്: മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടില്‍ റബര്‍ ടാപ്പിങ് തൊഴിലാളിയെ കടുവ കടിച്ചു കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്ക്കാക്കുണ്ടില്‍ റാവുത്തന്‍കാവ് ഭാഗത്ത് സ്ലോട്ടര്‍ ടാപ്പിങ് നടത്തുന്ന റബര്‍ തോട്ടത്തില്‍ ഇന്ന് രാവിലെ ആറരയ്ക്കാണ് സംഭവം.
ഗഫൂറിനെ കടുവ കടിച്ച് വലിച്ചിഴയ്ക്കുന്നത് കണ്ടുവെന്ന് കൂടെ ഉണ്ടായിരുന്ന മറ്റൊരു ടാപ്പിങ് തൊഴിലാളി സമദ് പറഞ്ഞു. കടുവ കടിച്ചു കൊന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വനാതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ ദൂരെയാണ് സംഭവം. പ്രദേശത്ത് മുമ്പ് ഒട്ടേറെ ആടുകളെ കടുവ ആക്രമിച്ചിട്ടുണ്ട്.
സൗത്ത് ഡിഎഫ്ഒ ധനിത് ലാല്‍, ഡിവൈഎസ്പി സാജു.കെ എബ്രാഹം എന്നിവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ഉടന്‍ കാളിക്കാവില്‍ എത്തും. സ്ഥലത്ത് ക്യാമറയും കൂടും സ്ഥാപിക്കും. കുങ്കിയാനകളെ ഉള്‍പ്പെടെ എത്തിച്ച് വിശദമായ പരിശോധന നടത്താനാണ് തീരുമാനം.
അതേസമയം സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ട്. കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മരിച്ച യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.