'ആഗോള തലത്തില്‍ പട്ടിണി വര്‍ധിക്കുന്നു; 2025 ല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായേക്കും': യു.എന്‍ റിപ്പോര്‍ട്ട്

'ആഗോള തലത്തില്‍ പട്ടിണി വര്‍ധിക്കുന്നു; 2025 ല്‍  സ്ഥിതി കൂടുതല്‍ രൂക്ഷമായേക്കും': യു.എന്‍ റിപ്പോര്‍ട്ട്

ജനീവ: അവികസിത രാജ്യങ്ങളിലെ കുട്ടികളിലെ പോഷകാഹാരക്കുറവ് ആശങ്കാജനകമായ തലത്തിലെത്തിയതായി യു.എൻ. റിപ്പോർട്ട്. സുഡാൻ, യെമൻ, മാലി, പാലസ്തീൻ എന്നിവയുൾപ്പെടെ 26 രാജ്യങ്ങളിൽ പോഷകാഹാരക്കുറവ് മൂലം അഞ്ച് വയസിൽ താഴെയുള്ള 38 ലക്ഷം കുട്ടികൾ കടുത്ത പ്രതിസന്ധി അനുഭവിക്കുന്നു.

രൂക്ഷമായ ഭക്ഷ്യക്ഷാമവും കുട്ടികളുടെ പോഷകാഹാരക്കുറവും വർധിച്ച വർഷമായിരുന്നു 2024. ഇത് 53 രാജ്യങ്ങളിലും ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ 295 ദശലക്ഷത്തിലധികം പേരെ ബാധിച്ചുവെന്ന് യു.എൻ റിപ്പോർട്ടിൽ പറയുന്നു.

പട്ടിണിയുടെ തോതിൽ 2023 നെക്കൽ യുദ്ധവും മറ്റ് പ്രകൃതി ദുരന്തവും മൂലമുള്ള ദുരിതബാധിത പ്രദേശങ്ങളിലെ ജനസംഖ്യയുടെ 22.6 ശതമാനം പേർ ഇപ്പോഴും പട്ടിണി അനുഭവിക്കുന്നു.

2025ൽ സ്ഥിതി കൂടുതൽ രൂക്ഷമായേക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മാനുഷിക ഭക്ഷ്യ ധനസഹായത്തിൽ 10 മുതൽ 45 ശതമാനം വരെ ഇടിവ് ഉണ്ടാകുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകുന്നു.


'പട്ടിണി അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഞങ്ങൾ നൽകുന്ന നിർണ്ണായകമായ ജീവിത മാർഗം നഷ്ടപ്പെട്ടു. അല്ലെങ്കിൽ ഉടൻ തന്നെ നഷ്ടപ്പെടും'- റോം ആസ്ഥാനമായുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിൻ്റെ തലവൻ സിന്ഡി മക്കെയ്ൻ പറഞ്ഞു.

കഴിഞ്ഞ വർഷം ദക്ഷിണ സുഡാൻ, ഹെയ്തി, മാലി, പാലസ്തീൻ, യെമൻ ഉൾപ്പെ 20 രാജ്യങ്ങളിൽ ഏകദേശം 140 ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണി ബാധിക്കാനുള്ള പ്രധാന കാരണം സംഘർഷങ്ങളായിരുന്നു.

കൂടാതെ പണപ്പെരുപ്പം, കറൻസിയുടെ മൂല്യത്തകർച്ച തുടങ്ങിയ സാമ്പത്തിക ആഘാതങ്ങൾ മൂലം 15 രാജ്യങ്ങൾ 59. 4 ദശലക്ഷം ആളുകളെയാണ് ഭക്ഷ്യ പ്രതിസന്ധി ബാധിച്ചത്. എൽ നിനോ മൂലമുണ്ടായ വരൾച്ചയും വെള്ളപ്പൊക്കവും പോലുള്ള അതിതീവ്ര കാലാവസ്ഥയും ഏകദേശം 18 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി.