ഇന്ത്യ-പാക് അതിര്‍ത്തിയില്‍ റിട്രീറ്റ് ചടങ്ങ് ഇന്ന് പുനരാരംഭിക്കും; നാളെ മുതല്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം

ഇന്ത്യ-പാക് അതിര്‍ത്തിയില്‍  റിട്രീറ്റ് ചടങ്ങ് ഇന്ന്  പുനരാരംഭിക്കും; നാളെ മുതല്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം

അമൃത്സര്‍: ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ബീറ്റിങ് റിട്രീറ്റ് ചടങ്ങ് ഇന്ന് മുതല്‍ പുനരാരംഭിക്കും. പഞ്ചാബിലെ പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള വാഗ-അട്ടാരി, ഹുസൈനിവാല-സഡ്കി എന്നവിടങ്ങളില്‍ ഇന്നുമുതല്‍ ചടങ്ങ് വീണ്ടും നടത്താനാണ് തീരുമാനം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമായിരിക്കും ഇന്ന് പ്രവേശനം അനുവദിക്കുക. നാളെ മുതല്‍ പൊതു ജനങ്ങള്‍ക്കും പ്രവേശനമുണ്ടാകും.

ദിവസവും വൈകുന്നേരം നടക്കുന്ന ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങുകളാണ് പതിവു പോലെ ജനപങ്കാളിത്തത്തോടെ നടക്കുക. എന്നാല്‍, ഇന്ത്യ-പാക് സംഘര്‍ഷം ഉടലെടുത്ത ശേഷം തീരുമാനിച്ച പ്രകാരം ബിഎസ്എഫ് ജവാന്മാര്‍ പാക് അതിര്‍ത്തി രക്ഷാ സേനയായ റേഞ്ചേഴ്സ് അംഗങ്ങള്‍ക്ക് കൈകൊടുക്കില്ല. പതാക താഴ്ത്തുന്ന സമയത്ത് അതിര്‍ത്തി കവാടം തുറക്കുകയുമില്ല.

പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ചടങ്ങിനിടെ ഗേറ്റുകള്‍ അടച്ചിടാനും ഗാര്‍ഡ് കമാന്‍ഡര്‍മാര്‍ തമ്മിലുള്ള പ്രതീകാത്മക ഹസ്തദാനം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാനും തീരുമാനമെടുത്തിരുന്നു. വാഗ-അട്ടാരി അതിര്‍ത്തിയില്‍ എല്ലാ ദിവസവും നടക്കുന്നതാണ് ബീറ്റിങ് റിട്രീറ്റ് അഥവാ സൂര്യാസ്തമയത്തിലുള്ള പതാക താഴ്ത്തല്‍ ചടങ്ങ്. നിലവില്‍ സംഘര്‍ഷം അവസാനിച്ച് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പാലിക്കുന്ന ഘട്ടത്തിലാണ് വീണ്ടും റിട്രീറ്റ് പുനരാരംഭിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.