മുബൈ: ഇന്ത്യയും പാകിസ്ഥാനും ശാശ്വത സമാധാനത്തിനുള്ള പാത കണ്ടെത്തണമെന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ തുടരുന്ന സാഹചര്യത്തില്‍ പൂര്‍ണവും നിര്‍ണായകവുമായ ഒരു കരാര്‍ കണ്ടെത്തണമെന്നും അദേഹം ഇരു രാജ്യങ്ങളോടും അഭ്യര്‍ഥിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ഒരു ശാശ്വത കരാറില്‍ ഉടന്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പുരാതനമായ വിദ്വേഷങ്ങള്‍ക്ക് അറുതി വരുത്തേണ്ട സമയമാണിതെന്ന് വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സിയോട് കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. 'കാശ്മീരില്‍ സമാധാനത്തിനായുള്ള ഹൃദയംഗമമായ അഭ്യര്‍ഥനയാണ് ഞങ്ങളുടേത്. ഇന്ത്യയ്ക്കും പാകിസ്ഥാനും മാത്രമല്ല, ലോക സമാധാനത്തിനും പ്രധാനപ്പെട്ട ഒരു പൂര്‍ണവും നിര്‍ണായകവുമായ കരാറിനായി ഞങ്ങള്‍ കാത്തിരിക്കുന്നു'- അദേഹം പറഞ്ഞു.