കൊല്ലം: അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ മൂന്ന് ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നറുകള്‍ കൊല്ലം തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്തടിഞ്ഞാണ് ഇന്നലെ രാത്രിയോടെ ആദ്യ കണ്ടെയ്നർ അടിഞ്ഞത്. കണ്ടെയ്നർ കടൽഭിത്തിയിൽ ഇടിച്ച് തുറന്ന നിലയിലായിരുന്നു. കണ്ടെയ്നറിന് ഉള്ളിൽ ഒന്നുമില്ലെന്നാണ് സൂചന. പ്രദേശത്ത് നിന്ന് അഞ്ച് വീട്ടുകാരെ അധികൃതർ ഒഴിപ്പിച്ചു. രാവിലെ അഞ്ചുമണിയോടെ നീണ്ടകര പരിമണം ഭാഗത്താണ് മൂന്ന് കണ്ടെയ്‌നറുകള്‍ കൂടി തീരത്തിടിഞ്ഞത്.
കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുതെന്നും അടുത്ത് പോകരുതെന്നുമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. അപ്പോൾ തന്നെ 112 വിൽ അറിയിക്കാനാണ് നിർദേശം. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുതെന്നുമാണ് നിർദേശം.
640 കണ്ടെയ്നറുകളാണ് മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്നത്. ഇതില്‍ 13 എണ്ണത്തിൽ ഹാനികരമായ വസ്തുക്കളും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡും ആയിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിൽ ഒമ്പതോളം കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. അപകടത്തേ തുടർന്ന്, കടലിൽ ഏതാണ്ട് 3.7 കിലോമീറ്റർ വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപടർന്നതായാണ് റിപ്പോർട്ട്. കപ്പൽ ഉയർത്താൻ കഴിയുമോ ഉപേക്ഷിക്കേണ്ടി വരുമോ തുടങ്ങിയ സാധ്യതകൾ കപ്പൽ കമ്പനിയുടെ നേതൃത്വത്തിൽ പരിശോധിച്ച് വരികയാണ്.