ഏഷ്യന്‍ അത്ലറ്റിക്‌സിന് ഇന്ന് ദക്ഷിണ കൊറിയയില്‍ തുടക്കം; ഇന്ത്യന്‍ സംഘത്തില്‍ 59 താരങ്ങള്‍

ഏഷ്യന്‍ അത്ലറ്റിക്‌സിന് ഇന്ന് ദക്ഷിണ കൊറിയയില്‍ തുടക്കം; ഇന്ത്യന്‍ സംഘത്തില്‍ 59 താരങ്ങള്‍

ന്യൂഡല്‍ഹി: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ദക്ഷിണ കൊറിയയിലെ ഗുമിയില്‍ ഇന്ന് തുടക്കമാകും. അഞ്ച്
ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ 59 അംഗ ഇന്ത്യന്‍ സംഘമാണ് പങ്കെടുക്കുന്നത്.

ജാവലിന്‍ ത്രോയിലെ ഒളിമ്പിക് ഇരട്ട മെഡല്‍ ജേതാവ് നീരജ് ചോപ്ര ഒഴികെയുള്ള മിക്ക പ്രമുഖ താരങ്ങളും ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നുണ്ട്. പാരീസ് ഒളിമ്പിക്സില്‍ നീരജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്വര്‍ണം നേടിയ പാകിസ്ഥാന്റെ അര്‍ഷാദ് നദീം മീറ്റിനുണ്ട്. യുവതാരം സച്ചിന്‍ യാദവാണ് ജാവലിനില്‍ ഇന്ത്യയുടെ പ്രതീക്ഷ.

സ്റ്റീപ്പില്‍ ചേസിലാണ് ഇന്ത്യക്ക് ഏറെ പ്രതീക്ഷയുള്ളത്. പുരുഷന്മാരില്‍ ദേശീയ റെക്കോഡുകാരന്‍ അവിനാഷ് സാബ്ലെ മികച്ച ഫോമിലാണ്. പ്രധാന എതിരാളി ജപ്പാന്റെ റിയുജി മിയുര മത്സരിക്കാനില്ലെന്നതും അവിനാഷിന് അനുകൂല ഘടകമാണ്. വനിതകളില്‍ നിലവിലെ ജേതാവായ പാരുള്‍ ചൗധരിയും ഇന്ത്യയുടെ ഉറച്ച പ്രതീക്ഷയാണ്.

എന്നാല്‍, ഒളിമ്പിക് ചാമ്പ്യന്‍ ബഹ്റിന്റെ വിന്‍ഫെഡ് യാവി പാരുളിന് കടുത്ത എതിരാളിയാവും. പുരുഷന്മാരുടെ 5,000, 10,000 മീറ്റര്‍ ദീര്‍ഘദൂര ഓട്ടത്തില്‍ മത്സരിക്കുന്ന ഗുല്‍വീര്‍ സിങിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. സീസണില്‍ ഏഷ്യയിലെ മികച്ച സമയംകുറിച്ച ഗുല്‍വീര്‍ പ്രകടനം ആവര്‍ത്തിച്ചാല്‍ മെഡല്‍ ഉറപ്പാക്കാം.

ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോഡുകാരന്‍ തമിഴ്നാടിന്റെ പ്രവീണ്‍ ചിത്രവേലും മലയാളി താരം അബ്ദുള്ള അബൂബക്കറും ഇന്ത്യന്‍ പോരാട്ടം നയിക്കും. ഇരുവരും 17 മീറ്റര്‍ പിന്നിടുന്നവരാണ്.

കൊച്ചിയിലെ ഫെഡറേഷന്‍ കപ്പില്‍ ചിത്രവേല്‍ 17.37 മീറ്ററില്‍ തന്റെതന്നെ ദേശീയറെക്കോഡിന് ഒപ്പമെത്തിയിരുന്നു. വനിതാ ലോങ് ജംപില്‍ സഹാലി സിങും മലയാളിയായ ആന്‍സി സോജനും മെഡല്‍ പ്രതീക്ഷ നല്‍കുന്നു.

ഇന്ത്യയുടെ പുരുഷ, വനിതാ 4ഃ400 മീറ്റര്‍ റിലേ ടീമുകളും സ്വര്‍ണ നേട്ടം ലക്ഷ്യമിടുന്നു. ഇത്തവണ പുരുഷന്മാരുടെ 4ഃ100 മീറ്റര്‍ റിലേയിലും ഇന്ത്യ ശക്തമായ ടീമിനെയാണ് അണി നിരത്തുന്നത്.

20 കിലോമീറ്റര്‍ നടത്തത്തില്‍ സെര്‍വിന്‍ സെബാസ്റ്റ്യനും അമിതും ഇന്ന് ഇന്ത്യക്കായി മത്സരിക്കും. വനിതകളുടെ ജാവലിനില്‍ അന്നു റാണി പങ്കെടുക്കും. പുരുഷന്മാരുടെ 10,000 മീറ്ററില്‍ ഗുല്‍വീര്‍ സിങും സാവന്‍ ബര്‍വാളും ട്രാക്കിലിറങ്ങും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.