'കടുത്ത മഴയായതിനാല്‍ ദയവായി ആവുധി പ്രേക്യപിക്കൂ'; അവധി ഇല്ല പോയി മലയാളം പഠിക്കാന്‍ കളക്ടര്‍

'കടുത്ത മഴയായതിനാല്‍ ദയവായി ആവുധി പ്രേക്യപിക്കൂ'; അവധി ഇല്ല പോയി മലയാളം പഠിക്കാന്‍ കളക്ടര്‍

പത്തനംതിട്ട: 'കടുത്ത മഴയായതിനാല്‍ ദയവായി ആവുധി പ്രേക്യപിക്കുവാന്‍ അപേക്ഷിക്കുന്നു. പത്തനംതിട്ട ജില്ലയുടെ കാലാവസ്ഥയെയും കടുത്ത മഴയേയും മനസില്‍വെച്ചുകൊണ്ട് ഓരോ കുട്ടികളുടെ കഠിന പ്രേര്‍ത്തേണതയെയും മനസിലാക്കി ഒരു ആവുധി ആവര്‍ഷ്യപ്പെടുന്നു'. അവധി ആവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ സമൂഹ മാധ്യമ അക്കൗണ്ടിലേയ്ക്ക് ഒരു വിദ്യാര്‍ഥി അയച്ച മെസേജ് ആണിത്.

ഈ മലയാള ഭാഷ കണ്ട് കളക്ടര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. എന്നാലും കളക്ടറല്ലേ, സംയമനത്തോടെ തന്നെ അദേഹം മറുപടി കൊടുത്തു. അവധി ചോദിക്കാതെ സ്ഥിരമായി സ്‌കൂളില്‍ പോകുക. പ്രത്യേകിച്ച് മലയാളം ക്ലാസില്‍ കയറാന്‍ ശ്രമിക്കുക. ഇന്ന് അവധി ഇല്ല. നന്ദി. ഇതായിരുന്നു കളക്ടറുടെ മറുപടി.

മഴക്കാലത്ത് സ്ഥിരമായി കളക്ടര്‍മാരുടെ പേജുകളുടെ താഴെ വന്ന് വിദ്യാര്‍ഥികള്‍ അവധി ചോദിച്ച് സന്ദേശങ്ങള്‍ അയക്കാറുണ്ട്. കുട്ടികളുടെ മെസേജുകള്‍ പതിവായി നോക്കാറുള്ള കളക്ടര്‍ അവധി അഭ്യര്‍ഥനകളുടെ എണ്ണം കൂടിയപ്പോഴാണ് മറുപടി കൊടുക്കാന്‍ തയാറായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.