എബോള ഭീതി: ഡല്‍ഹിയില്‍ മെയ് 28 മുതല്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റി

എബോള ഭീതി: ഡല്‍ഹിയില്‍ മെയ് 28 മുതല്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റി

ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്ന എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ മെയ് 28 മുതല്‍ 31 വരെ നിശ്ചയിച്ചിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റി വെച്ചു.

നിലവിലെ പൊതുജനാരോഗ്യ സാഹചര്യം വിലയിരുത്തിയ ശേഷം ഉച്ചകോടി മറ്റൊരു തിയതിയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് ഇന്ത്യയും ആഫ്രിക്കന്‍ യൂണിയനും തമ്മില്‍ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെയും ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷനിലെയും നേതാക്കളെ ഒരുമിച്ച് അണിനിരത്തി, ഇന്ത്യ-ആഫ്രിക്ക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിനുമുള്ള രൂപരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി നിശ്ചയിച്ചിരുന്നത്.

2008, 2011, 2015 വര്‍ഷങ്ങളില്‍ നടന്ന ഉച്ചകോടികള്‍ക്കു ശേഷം പത്ത് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് വീണ്ടും ഉച്ചകോടി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ എബോള ബാധയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും മറ്റ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും എത്തുന്ന യാത്രക്കാര്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന നാല്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ ചിലര്‍ നിലവില്‍ എബോള ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യുന്നവര്‍ക്കും പനി, അമിതമായ ക്ഷീണം, തലവേദന, പേശി വേദന, ഛര്‍ദ്ദി, വയറിളക്കം, കാരണങ്ങളില്ലാതെയുള്ള രക്തസ്രാവം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ഇമിഗ്രേഷന്‍ പരിശോധനയ്ക്ക് പോകുന്നതിന് മുന്‍പായി എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറെയോ ഹെല്‍ത്ത് ഡെസ്‌കിനെയോ വിവരമറിയിക്കാന്‍ നിര്‍ദേശമുണ്ട്.

ആഫ്രിക്കന്‍ നേതാക്കളുടെയും മറ്റ് പങ്കാളികളുടെയും പൂര്‍ണമായ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിയും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ നിലവിലെ ആരോഗ്യ സാഹചര്യം കണക്കിലെടുത്തുമാണ് ഉച്ചകോടി മാറ്റിവെക്കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാരും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്‌സണും ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയത്.

തുടര്‍ന്ന് ആഫ്രിക്കന്‍ യൂണിയനുമായി ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കയിലെ ജനങ്ങളോടും സര്‍ക്കാരുകളോടും ഇന്ത്യ ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.