തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. വരുന്ന ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. 14, 16 തിയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയില്‍ പറയുന്നു. നാളെ മുതല്‍ കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകും.
മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. 12-16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്നുള്ള ഒഡീഷയുടെ വടക്കന്‍ തീരം, ബംഗാള്‍ എന്നിവയുടെ മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. നാളെ മുതല്‍ 14 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല.