കോഴിക്കോട്: കണ്ണൂര്‍ അഴീക്കലിന് സമീപം അറബിക്കടലില്‍ തീപ്പിടിച്ച വാന്‍ ഹായ് 503 ചരക്കുകപ്പലില്‍ അതിസാഹസികമായി ഇറങ്ങി രക്ഷാപ്രവര്‍ത്തക സംഘം. കപ്പല്‍ കടലിന്റെ ഉള്‍ഭാഗത്തേക്ക് മാറ്റാനാണ് ശ്രമം നടത്തുന്നത്. വടംകെട്ടി കപ്പല്‍ വലിച്ചുകൊണ്ടുപോകാനുള്ള ദൗത്യത്തിലാണ്. ടഗ് ബോട്ട് ഉപയോഗിച്ചാണ് കപ്പലിനെ ദൂരേയ്ക്ക് എത്തിക്കുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തീരരക്ഷാസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് സംഘം കപ്പലില്‍ ഇറങ്ങിയത്. കപ്പലിന്റെ മുന്‍ഭാഗത്തുള്ള വലിയ കൊളുത്തില്‍ വടം കെട്ടി വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധപ്പിക്കാന്‍ സംഘത്തിന് കഴിഞ്ഞു. കേരളതീരത്ത് നിന്ന് കൂടുതല്‍ ദൂരത്ത് കടലിനുള്ളിലേക്ക് കപ്പല്‍ കൂടുതല്‍ വലിച്ചുമാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഇപ്പോള്‍ ഏതാണ്ട് 95 കിലോമീറ്റര്‍ അകലെയാണ് കപ്പല്‍ ഉള്ളത്.
അതേസമയം കപ്പലിലെ തീ രണ്ട് ദിവസം പിന്നിട്ടപ്പോഴും പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. മുന്‍ഭാഗത്തെ തീ നിയന്ത്രണവിധേയമാക്കിയതോടെയാണ് എംഇആര്‍സി സംഘത്തിന് കപ്പലിനകത്ത് ഇറങ്ങാന്‍ കഴിഞ്ഞത്. ഏകദേശം 10 മുതല്‍ 15 ഡിഗ്രിവരെ കപ്പല്‍ ചെരിഞ്ഞിട്ടുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കുന്നു. എങ്കിലും കപ്പല്‍ സന്തുലിതാവസ്ഥയില്‍ നിലകൊള്ളുന്നുണ്ട്.
കനത്ത മഴ നിമിത്തംം രാവിലെ മുതല്‍ ഉച്ചവരെ കോസ്റ്റ്ഗാര്‍ഡിന്റെ വിമാനത്തിന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.