തീരാനോവായി പത്തനംതിട്ട സ്വദേശിനി രഞ്ജിത; അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണപ്പെട്ടവരില്‍ മലയാളി നഴ്‌സും

തീരാനോവായി പത്തനംതിട്ട സ്വദേശിനി രഞ്ജിത; അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണപ്പെട്ടവരില്‍ മലയാളി നഴ്‌സും

പത്തനംതിട്ട: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരണപ്പെട്ടവരില്‍ തീരാനോവായി മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും. പത്തനംതിട്ട പുല്ലാട് സ്വദേശിനിയാണ് രഞ്ജിത ഗോപകുമാര്‍. രഞ്ജിതയ്ക്ക് അപകടത്തില്‍ പരിക്കേറ്റതായുള്ള വിവരം നേരത്തെ വില്ലേജ് അധികൃതര്‍ക്ക് ലഭിച്ചിരുന്നു. പിന്നാലെ മരണപ്പെട്ടതായുള്ള വിവരം ഗുജറാത്തില്‍ നിന്നും ഔദ്യോഗികമായി പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലേക്ക് എത്തി.

കേരള സര്‍ക്കാറിന് കീഴില്‍ ജോലി ലഭിച്ചിരുന്ന രഞ്ജിത അവധിയെടുത്ത് ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. നാട്ടില്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ച ശേഷം അവധിക്ക് അപേക്ഷ നല്‍കി ലണ്ടനിലെ ജോലി രാജിവെക്കാനായി പോയതായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു രഞ്ജിത വീട്ടില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ടത്.

തിരുവല്ലയില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ മാര്‍ഗം എത്തിയ രഞ്ജിത അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തില്‍ പോയി. അവിടെ നിന്നാണ് അപകടത്തില്‍പ്പെട്ട ലണ്ടന്‍ വിമാനത്തില്‍ യാത്ര തിരിക്കുന്നത്. അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്ന രഞ്ജിത നേരത്തെ ഗള്‍ഫിലും ജോലി ചെയ്തിരുന്നു. വീട് പണി പൂര്‍ത്തീകരിച്ച് വരുന്നതിന് ഇടയിലാണ് ദുരന്തമുണ്ടാകുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

ഒന്‍പത് വര്‍ഷം സലാലയില്‍

രഞ്ജിത ഒന്‍പത് വര്‍ഷം ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സായിരുന്നു. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി. വര്‍ഷങ്ങള്‍ നീണ്ട ഒമാനിലെ പ്രവാസ ജീവിതത്തിന് ശേഷം ഏകദേശം ഒരു വര്‍ഷം മുമ്പാണ് രഞ്ജിത യുകെയിലേക്ക് പോയത്. ഒമാനില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് സലാലയിലെ സുഹൃത്തുക്കള്‍ രഞ്ജിതയ്ക്ക് ഊഷ്മളമായ യാത്രയയപ്പും സംഘടിപ്പിച്ചിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം രഞ്ജിത പകര്‍ത്തിയ സെല്‍ഫിയും ഇപ്പോള്‍ കണ്ണീരോര്‍മയായി മാറിയിരിക്കുകയാണ്.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീഴുകയായിരുന്നു. ഉച്ചയ്ക്ക് 1:30 നാണ് അപകടം ഉണ്ടായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.