തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശക്തമായ മഴ തുടരുമെന്നാണ് ഏറ്റവും പുതിയ അറിയിപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. മൂന്ന് ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
ജില്ലാ അടിസ്ഥാനത്തിലുള്ള കാലാവസ്ഥ മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ബുധനാഴ്ച വൈകുന്നേരം പുറപ്പെടുവിച്ചത്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം മാറി താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അറിയിച്ചിട്ടുണ്ട്. യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ച ഇടങ്ങളില്‍ മഴക്കെടുതിയില്‍ ജാഗ്രത വേണമെന്നും നിര്‍ദേശം ഉണ്ട്.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യത. പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് നിലവില്‍ 26 ക്യാമ്പുകളിലായി 451 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുമുണ്ട്. മഴക്കെടുതിയില്‍ 104 വീടുകള്‍ പൂര്‍ണ്ണമായും 3772 വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് ഇതുവരെയുള്ള കണക്കുകള്‍.