വാഷിങ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്ഥാനെ താന്‍ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തുകയും ചെയ്തു. മോഡി ഗംഭീര വ്യക്തിയാണെന്നും കഴിഞ്ഞ ദിവസം രാത്രിയിലും അദേഹത്തോട് ഫോണില്‍ സംസാരിച്ചതായും ട്രംപ് പറഞ്ഞു.
'ഇന്ത്യ-പാക് യുദ്ധം ഞാന്‍ നിര്‍ത്തി. ഞാന്‍ പാകിസ്ഥാനെ സ്നേഹിക്കുന്നു. മോഡി ഒരു ഗംഭീര മനുഷ്യനാണെന്ന് കരുതുന്നു'.-ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണില്‍ സംസാരിച്ച് മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് ട്രംപ് ഇന്ത്യ-പാക് സംഘര്‍ഷത്തിലെ തന്റെ അവകാശവാദം ആവര്‍ത്തിച്ചത്. ഇന്ത്യയുമായി തങ്ങള്‍ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ പോകുകയാണെന്നും ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏകദേശം 35 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം നടത്തിയിരുന്നു.