അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ പരിക്കേറ്റതില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞും. 28 ശതമാനം പൊള്ളലേറ്റ കുട്ടി അഹമ്മദാബാദിലെ സിവില്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ പരിക്കേറ്റവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഈ കുട്ടിയാണ്.
അപകടത്തില്‍ തകര്‍ന്ന കെട്ടിടങ്ങളിലൊന്നില്‍ മനീഷ കച്ചാദിയയും അവരുടെ എട്ട് മാസം പ്രായമുള്ള മകനും ഉണ്ടായിരുന്നു. അപകടം സംഭവിച്ചപ്പോള്‍ മനീഷയ്ക്കും പരിക്കേറ്റിരുന്നു. എങ്കിലും അവര്‍ മകനെയും എടുത്ത് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മനീഷയുടെ നില തൃപ്തികരമാണെന്നും നിലവില്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ചികിത്സയിലാണെന്നും ഭര്‍ത്താവ് കപില്‍ കച്ചാദിയ പറഞ്ഞു.
കുഞ്ഞിന്റെ നില മെച്ചപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും പിഐസിയുവില്‍ തുടരുകയാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ജനറല്‍ വാര്‍ഡിലേക്ക് മാറ്റും. ബിജെ മെഡിക്കല്‍ കോളജില്‍ യൂറോളജിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി എംസിഎച്ച് ബിരുദം പൂര്‍ത്തിയാക്കുകയാണ് കപില്‍. വിമാന അപകടം നടന്നപ്പോള്‍ കപില്‍ മെഡിക്കല്‍ കോളജിലായിരുന്നു. 242 പേരുമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്ന് വീണത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം.
ഡിഎന്‍എ പരിശോധനയിലൂടെ ഇതുവരെ 211 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 189 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.