ടെല്‍ അവീവ്: ഇറാന്റെ ഇസ്ഫാഹാന്‍ ആണവകേന്ദ്രത്തെ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം. ഇറാന് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ജൂണ്‍ 13 ന് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇസ്ഫഹാന് ആണവ കേന്ദ്രത്തിന് നേര്‍ക്കുള്ള വ്യോമാക്രമണം.
ആക്രമണത്തില്‍ അന്‍പതോളം യുദ്ധ വിമാനങ്ങള്‍ അണിനിരന്നതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐഡിഎഫ്) പറഞ്ഞു. ആണവ കേന്ദ്രത്തിന് നേര്‍ക്കുള്ള ആക്രമണം അപകടകരമായ സാഹചര്യം ഉണ്ടാക്കിയിട്ടില്ലെന്ന് ഇറാന് മാധ്യമമായ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ആണവ പദ്ധതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കേന്ദ്രമാണ് ഇസ്ഫാഹാന്‍.
യുറേനിയം സമ്പുഷ്ടീകരണ സൗകര്യവും ആണവ ഇന്ധന ഉല്പാദന കേന്ദ്രവും ഇസ്ഫാഹാനിലുണ്ട്. ഇസ്ഫാഹാനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണപദ്ധതി വിജയിച്ചതായി ഇസ്രയേലി ഉദ്യോഗസ്ഥന് എഎഫ്പിയോട് പ്രതികരിച്ചു. ഇസ്ഫഹാന് കൂടാതെ മറ്റു ചില സുപ്രധാന കേന്ദ്രങ്ങളിലും ആക്രമണം നടത്തിയതായി ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച പുലര്‍ച്ചെ 2.40 ഓടെ മധ്യ ഇസ്രയേലില്‍ ഇറാന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ടെല്‍ അവീവിനും സമീപ പ്രദേശങ്ങളിലുമായി അഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന് പ്രയോഗിച്ചത്. എല്ലാ മിസൈലുകളും ഇസ്രയേല്‍ വ്യോമപ്രതിരോധം തടഞ്ഞു. ആക്രമണങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. മിസൈലുകള്‍ പ്രതിരോധിക്കാനുള്ള നടപടികള്‍ക്കിടെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് തീപ്പിടിച്ചതൊഴികെ ഗുരുതര നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജൂണ്‍ 13 മുതല്‍ 470 ലധികം ബാലിസ്റ്റിക് മിസൈലുകളും ആയിരത്തിലധകം ഡ്രോണുകളുമാണ് ഇസ്രയേലിനെതിരെ ഇറാന് പ്രയോഗിച്ചത്. ശനിയാഴ്ച രാത്രി ഇസ്രയേല്‍ വ്യോമസേന രാത്രിയില്‍ 40 ഡ്രോണുകള്‍ തടയുകയും ഇസ്രയേലിനെ ലക്ഷ്യമിടാന്‍ തയ്യാറെടുക്കുകയായിരുന്ന വിക്ഷേപണത്തറകളില്‍ ആക്രമണം നടത്തുകയും ചെയ്തു.