സംസ്ഥാനത്ത് ഭ്രൂണഹത്യയില്‍ വന്‍ വര്‍ധനവ്; കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അമ്മമാരുടെ ഉദരത്തില്‍ വധിക്കപ്പെട്ടത് 1,97,782 കുഞ്ഞുങ്ങള്‍!

സംസ്ഥാനത്ത് ഭ്രൂണഹത്യയില്‍ വന്‍ വര്‍ധനവ്; കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അമ്മമാരുടെ ഉദരത്തില്‍ വധിക്കപ്പെട്ടത് 1,97,782 കുഞ്ഞുങ്ങള്‍!

ബോധപൂര്‍വമായ ഗര്‍ഭഛിദ്രങ്ങളില്‍ വലിയ വര്‍ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

കൊച്ചി: കഴിഞ്ഞ പത്ത് വര്‍ഷത്തിത്തിനിടെ കേരളത്തില്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നവരുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2014-15 നെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയേളം വര്‍ധനവാണ് 2023-24 കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകളില്‍ പെടാത്ത ഭ്രൂണഹത്യകള്‍ വേറെയും.

2023-24 ല്‍ സംസ്ഥാനത്ത് 30,037 ഗര്‍ഭഛിദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ (എച്ച്എംഐഎസ്) കണക്കുകള്‍ വ്യക്തമാക്കുന്നു. 2014-15 ല്‍ ഇത് 17,025 ആയിരുന്നു.

ഒന്‍പതു വര്‍ഷത്തിനിടെ ഗര്‍ഭഛിദ്രത്തിന്റെ എണ്ണത്തില്‍ 76.43 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ 21, 282 ഗര്‍ഭഛിദ്രങ്ങള്‍ നടന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ 8,755 ഗര്‍ഭഛിദ്രങ്ങളാണ് നടന്നിട്ടുള്ളത്.

സ്വാഭാവിക ഗര്‍ഭഛിദ്രവും ബോധപൂര്‍വമായ ഗര്‍ഭഛിദ്രവും ഡാറ്റയിലുള്‍പ്പെടുത്തിയിട്ടുണ്ട്. 2023-24 ല്‍ സംസ്ഥാനത്ത് 20,179 ബോധപൂര്‍വമായ ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ട്. 9,858 സ്വാഭാവിക ഗര്‍ഭഛിദ്രമാണ് ഈ കാലയളവില്‍ നടത്തിയിട്ടുള്ളത്.

ഡാറ്റാ പ്രകാരം 2014-15 വര്‍ഷം സര്‍ക്കാര്‍ ആശുപത്രികളില്‍ 8,324 ഭ്രൂണഹത്യയും സ്വകാര്യ ആശുപത്രികളില്‍ 8701 ഭ്രൂണഹത്യയും നടന്നു. എന്നാല്‍ 2015-2016 മുതല്‍ സ്വകാര്യ ആശുപത്രികളില്‍ ഉയര്‍ന്ന തോതിലുള്ള കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

2015-16 മുതല്‍ 2024-25 വരെ കേരളത്തില്‍ ആകെ 1,97,782 ഗര്‍ഭഛിദ്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതില്‍ 67,004 കേസുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്നത്. ഈ കാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ 1,30,778 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ബോധപൂര്‍വമായ ഗര്‍ഭഛിദ്രങ്ങളില്‍ വലിയ വര്‍ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഗര്‍ഭഛിദ്രത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിലുണ്ടായ വര്‍ധനവില്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അവര്‍ എടുത്തു പറഞ്ഞു. മെച്ചപ്പെട്ട സൗകര്യങ്ങളും സ്വകാര്യതയും കാരണം ഇപ്പോള്‍ കൂടുതല്‍ പേരും സ്വകാര്യ സ്ഥാപനങ്ങളെയാണ് ഇഷ്ടപ്പെടുന്നതെന്ന് തിരുവനന്തപുരത്തെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. സീമ പറഞ്ഞു.

ബോധപൂര്‍വമായ ഗര്‍ഭഛിദ്രങ്ങളുടെ വര്‍ധന സ്ത്രീകള്‍ അവരുടെ ശരീരത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണം നേടുന്നതിന്റെ സൂചനയാണെന്ന് കോട്ടയം സിഎംഎസ് കോളജിലെ സോഷ്യോളജി വിഭാഗം സീനിയര്‍ ഫാക്കല്‍റ്റി അംഗം അമൃത റിനു എബ്രഹാം പറഞ്ഞു


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.