തിരുവനന്തപുരം: മാര്‍ക്ക് ഏകീകരണത്തില്‍ വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചതോടെ കീം ഫലം ഉടന്‍ പ്രഖ്യാപിക്കും. ശുപാര്‍ശകളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കാത്തതാണ് കീം ഫലം വൈകാന്‍ കാരണമായത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരള സിലബസില്‍ പ്ലസ് ടു പഠിച്ച വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന വലിയ പ്രശ്നത്തിനാണ് ഇതോടെ ആശ്വാസമായത്. മാര്‍ക്ക് ഏകീകരണം വരുമ്പോള്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിലെ മാര്‍ക്കും കീം സ്‌കോറും ചേര്‍ക്കുമ്പോള്‍ പലര്‍ക്കും മാര്‍ക്ക് കുറവായിരുന്നു.
പ്ലസ് ടുവിന് നല്ല മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് പോലും ഏകീകരണം വരുമ്പോള്‍ 20 മുതല്‍ 40 വരെ മാര്‍ക്കുകളാണ് നഷ്ടപ്പെട്ടിരുന്നത്. ഇതിനെതിരെ വ്യാപക പരാതികളും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വിദഗ്ദ്ധ സമിതിയെ നിര്‍ദേശിച്ചത്.
അവര്‍ സര്‍ക്കാരിന് മുന്നില്‍ വച്ച റിപ്പോര്‍ട്ട് പ്രകാരമാണ് ഇപ്പോള്‍ പുതിയ ഏകീകരണ ഫോര്‍മുല വരാന്‍ പോകുന്നത്. ഇതോടെ ഏത് സിലബസില്‍ പഠിച്ചാലും അവരുടെ മുഴുവന്‍ മാര്‍ക്കും ചേര്‍ത്തു കൊണ്ടാകും ഏകീകരണം ഉണ്ടാവുക. അതിനാല്‍ ഇനി ഒരു മാര്‍ക്ക് പോലും കുറയില്ല. ഇത് ഏറ്റവുമധികം ആശ്വാസം നല്‍കുന്നത് കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്.