തിരുവനന്തപുരം: യന്ത്ര തകരാര്‍ മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ ടൂറിസം പരസ്യത്തിന് വിഷയമാക്കി വിനോദ സഞ്ചാര വകുപ്പ്. 'ഒരിക്കല്‍ വന്നാല്‍ തിരിച്ച് പോകാന്‍ തോന്നില്ല' എന്ന ക്യാപ്ഷനൊപ്പം ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് 35 ന്റേതിന് സമാനമായ ചിത്രം ഉള്‍പ്പെടുത്തിയാണ് കേരള ടൂറിസത്തിന്റെ പുതിയ പരസ്യം.
'കേരളം സുന്ദരമായ പ്രദേശമാണ്. എനിക്ക് തിരിച്ച് പോകേണ്ട. തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു' എന്ന് ഫൈവ് സ്റ്റാര്‍ റേറ്റിങ് കൊടുക്കുന്ന നിലയിലാണ് കേരള ടൂറിസം പങ്കുവച്ച പോസ്റ്ററില്‍ ഉള്ളത്. പരസ്യത്തെ പിന്തുണച്ച് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.
ആയുര്‍വേദ ചികിത്സാ രീതികള്‍ അനുസരിച്ച് വിമാനത്തിന് ഉഴിച്ചിലും തിരുമ്മലും നടത്തി തിരിച്ചയക്കണം എന്നാണ് കമന്റുകളില്‍ ഒന്ന് പറയുന്നത്. ഓണം വരവായി, വള്ളം കളി കൂടി കണ്ടിട്ട് പോകാമെന്നും ചിലര്‍ നിര്‍ദേശിക്കുന്നു. നോക്ക് കൂലി വാങ്ങാതെ വിടരുതെന്ന് പറയുന്നവരും കുറവല്ല.
അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന എഫ് 35, ഇന്ധനക്കുറവ് മൂലം കഴിഞ്ഞ ജൂണ്‍ 14 ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡിങിനിടെ ഉണ്ടായ യന്ത്ര തകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിമാനം തിരുവനന്തപുരത്ത് തുടരുകയാണ്.
എഫ് 35 നെ അറബികടലില്‍ എത്തിച്ച എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പല്‍ സിങ്കപ്പൂര്‍ തീരത്തേക്കു മടങ്ങുകയും ചെയ്തു. കേരളത്തില്‍ എത്തിയതിന് പിന്നാലെ പല തരത്തില്‍ വിമാനം ചര്‍ച്ചകളുടെ ഭാഗമായിരുന്നു. ഇതിനിടെ വിമാനം ചില വിരുതന്‍മാര്‍ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റായ ഒ.എല്‍.എക്സില്‍ വില്‍പനയ്ക്കിടുകയും ചെയ്തിരുന്നു.