മെൽബൺ : ദുക്റാന തിരുനാൾ ഭക്തിപൂർവ്വം കൊണ്ടാടി മെൽബൺ കത്തീഡ്രൽ ഇടവകാംഗങ്ങൾ. തിരുനാളിനോടനുബന്ധിച്ച് സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന റാസ കുർബാനക്കും തിരുക്കർമ്മങ്ങൾക്കും ബിഷപ്പ് ജോൺ പനംതോട്ടത്തിൽ മുഖ്യകാർമികനായി. വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച്ച കുർബാനയിൽ കത്തീഡ്രൽ വികാരി ഫാ മാത്യു അരീപ്ലാക്കൽ, ഫാ ജോസി കിഴക്കേത്തലക്കൽ, ഫാ അഭിലാഷ് എന്നിവർ സഹകാർമികത്വം വഹിച്ചു.
ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ചവരുടെ ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം ക്രിസ്ത്യാനികൾ ആണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും അതിന് തെളിവാണ് ലോകത്തിലെ 240 കോടി ക്രിസ്ത്യാനികൾ എന്നും മാർ പനംതോട്ടത്തിൽ പറഞ്ഞു.
'തോമാശ്ലീഹായുടെ പ്രബോധനങ്ങളിൽ നിന്നായിരുന്നില്ല അദേഹത്തിന്റെ രക്തസാക്ഷിത്വത്തിൽ ചിന്തിയ ഓരോ തുള്ളി ചോരയിൽ നിന്നുമാണ് മാർത്തോമാ ക്രിസ്ത്യാനികൾ ഉദയം ചെയ്തതും ഇന്ന് കാണുന്ന രീതിയിൽ വളർന്നതും. തോമാശ്ലീഹാ ഉത്ഥിതനായ ഈശോയുടെ മുറിവ് കാണണം എന്ന് ആവശ്യപ്പെട്ടു. ആ മുറിവിൽ സ്പർശിച്ചപ്പോഴാണ് എന്റെ കർത്താവെ എന്റെ ദൈവമേ എന്ന വലിയ വിശ്വാസ പ്രഖ്യാപനം ഉണ്ടായതും യേശുവിനു വേണ്ടി മരിക്കും എന്ന തീവ്രമായ വിശ്വാസത്തിലേക്ക് എത്തിയതും- മാർ ജോൺ പനംതോട്ടത്തിൽ പറഞ്ഞു.
വിശുദ്ധ കുർബാനക്ക് ശേഷം നേർച്ച പായസം വിതരണം നടന്നു.