കോഴിക്കോട് : ബേപ്പൂര്‍ തീരത്തിന് സമീപം കഴിഞ്ഞ മാസം അപകടത്തില്‍പെട്ട വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടരുന്നു. രാവിലെയായിരുന്നു കപ്പലിന്റെ താഴത്തെ അറയില്‍ ചെറിയ രീതിയില്‍ തീ കണ്ടെത്തിയത്. വൈകുന്നേരമായപ്പോള്‍ തീയുടെ വ്യാപ്തി കൂടി. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീ ഇനിയും ആളിക്കത്തിയാല്‍ കപ്പല്‍ മുങ്ങാനും സാധ്യതയുണ്ട്.
നിലവില്‍ ഇന്ത്യയുടെ സമുദ്ര മേഖലയ്ക്ക് പുറത്തുള്ള കപ്പലില്‍ 2500 ടണ്ണോളം എണ്ണയുണ്ടെന്നാണ് വിവരം. കപ്പലിലെ കണ്ടെയ്‌നറുകളുടെയും ഇതിലെ ഉല്‍പന്നങ്ങളുടെയും വിവരങ്ങള്‍ കമ്പനി മറച്ചുവച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കപ്പലിന്റെ മുകള്‍ത്തട്ടിലുള്ള കണ്ടെയ്നറുകളിലെ വിവരങ്ങള്‍ മാത്രമാണ് നേരത്തെ കമ്പനി അധികൃതര്‍ നല്‍കിയിരുന്നത്.
കപ്പലിലെ അറയ്ക്കുള്ളില്‍ കണ്ടെയ്‌നറുകള്‍ സൂക്ഷിച്ച ഭാഗത്ത് നിന്നാണ് പുതുതായി തീ പടര്‍ന്നത്. കത്തുന്ന രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ അകത്ത് ഉണ്ടായിരിക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് പറഞ്ഞു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ ഷിപ്പിങ് മന്ത്രാലയം തീരുമാനിച്ചു.