ബ്രിട്ടീഷ് യുദ്ധ വിമാനം കൊണ്ടു പോകാന്‍ വിദഗ്ധ സംഘം എത്തിയ അറ്റ്‌ലസ് ZM 417 വിമാനം.
തിരുവനന്തപുരം: യന്ത്ര തകരാര്‍ മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങി സോഷ്യല്‍ മീഡിയ വഴി വൈറലായി മാറിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35 ബിയെ കൊണ്ടു പോകാന്‍ ബ്രിട്ടണില്‍ നിന്നുള്ള പ്രത്യേക സംഘമെത്തി. അറ്റ്‌ലസ് ZM 417 എന്ന പ്രത്യേക വിമാനത്തിലാണ് വിദഗ്ധ സംഘം എത്തിയത്.
അതീവ സുരക്ഷാ സാങ്കേതിക വിദ്യയുള്ള ബ്രിട്ടീഷ് യുദ്ധ വിമാനമാണ് ഇരുപത് ദിവസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടങ്ങിക്കിടക്കുന്നത്. ഇതിന് കേന്ദ്ര വ്യവസായ സേനയുടെ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
എഫ് 35 ബിയുടെ ചിറകുകള്‍ അഴിച്ചു മാറ്റിയ ശേഷം സൈനിക വിമാനത്തില്‍ ബ്രിട്ടണിലേക്ക് കൊണ്ടു പോകാനാണ് തീരുമാനം. തിരുവനന്തപുരം ചാക്കയിലെ എയര്‍ ഇന്ത്യ ഹാങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമവും നടത്തും.
ഇതിനായി ഇന്ത്യന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണ് സൂചന. അറബിക്കടലില്‍ നങ്കൂരമിട്ടിരുന്ന 'എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ്' എന്ന വിമാന വാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ജൂണ്‍ 14 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.