'കൃഷിയും കര്‍ഷകനും സംരക്ഷിക്കപ്പെടണം': കെസിവൈഎം അര്‍ധ വാര്‍ഷിക സെനറ്റ്

'കൃഷിയും കര്‍ഷകനും സംരക്ഷിക്കപ്പെടണം': കെസിവൈഎം അര്‍ധ വാര്‍ഷിക സെനറ്റ്

മാനന്തവാടി: കെസിവൈഎം മാനന്തവാടി രൂപതയുടെ 31-ാം മത് അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം തരിയോട് മേഖലയുടെ നേതൃത്വത്തില്‍ കുറമ്പാല യൂണിറ്റില്‍ സംഘടിപ്പിച്ചു. കെസിവൈഎം മുന്‍ രൂപതാ പ്രസിഡന്റ് മാത്യു തറയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

രൂപതാ പ്രസിഡന്റ് ബിബിന്‍ പിലാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം റ്റിജിന്‍ ജോസഫ് വെള്ളപ്ലാക്കില്‍ പ്രമേയം അവതരിപ്പിച്ചു. വയനാട് പോലുള്ള മലയോര മേഖലയിലെ കാര്‍ഷിക ജീവിതം നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ നയപരമായി ഇടപെടേണ്ടതിന്റെ അത്യാവശ്യത പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

വിള ഇന്‍ഷ്വറന്‍സ്, കര്‍ഷക സംരക്ഷണ ബോര്‍ഡ്, വന്യമൃഗ ബാധിതര്‍ക്കുള്ള നഷ്ടപരിഹാര സംവിധാനം തുടങ്ങിയവ കൃത്യമായി പ്രാവര്‍ത്തികമാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

സെനറ്റില്‍ മേഖല, രൂപതാ റിപ്പോര്‍ട്ട് അവതരണവും സംഘടനാതല ചര്‍ച്ചകളും നടന്നു. എന്റെ ഗ്രാമം, ഗ്രീന്‍ ഫ്യൂച്ചര്‍, പ്രവര്‍ത്തന മാസാചരണം തുടങ്ങിയ പദ്ധതികളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ മേഖലയെയും യൂണിറ്റുകളെയും ചടങ്ങില്‍ ആദരിച്ചു.

രൂപതാ ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, വൈസ് പ്രസിഡന്റ് ആഷ്‌ന പാലാരിക്കുന്നേല്‍, ജനറല്‍ സെക്രട്ടറി വിമല്‍ കൊച്ചുപുരയ്ക്കല്‍, സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂര്‍, ട്രഷറര്‍ നവീന്‍ പുലകുടിയില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ റോസ് ടോം എസ്എബിഎസ് രൂപതാ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.