'കെഎസ്ഇബിക്കും സ്‌കൂളിനും ഉത്തരവാദിത്വം': വീഴ്ച സമ്മതിച്ച് വൈദ്യുതി മന്ത്രി; മിഥുന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം

'കെഎസ്ഇബിക്കും സ്‌കൂളിനും ഉത്തരവാദിത്വം': വീഴ്ച സമ്മതിച്ച് വൈദ്യുതി മന്ത്രി; മിഥുന്റെ കുടുംബത്തിന് അഞ്ച്  ലക്ഷം രൂപ ധനസഹായം

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇവിക്കുണ്ടായ വീഴ്ച തുറന്നു പറഞ്ഞ് വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെഎസ്ഇബിക്കുണ്ടായ ഗുരുതര വീഴ്ച വ്യക്തമാക്കുന്നതാണ് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

വൈദ്യുതി ലൈനിന് തറനിരപ്പില്‍ നിന്ന് നിയമ പ്രകാരമുള്ള ഉയരം ഇല്ലാത്തതിനാല്‍ കെഎസ്ഇബിയും അനധികൃതമായി ലൈനിന് കീഴില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിന് സ്‌കൂള്‍ അധികൃതരും ഉത്തരവാദികളാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

സൈക്കിള്‍ ഷെഡിന് മുകളിലൂടെ ഉണ്ടായിരുന്ന വൈദ്യുതി ലൈനില്‍ സ്‌പേസര്‍ സ്ഥാപിച്ചിരുന്നു. ലൈനുകള്‍ കൂട്ടിമുട്ടി അപകടമുണ്ടാകാതിരിക്കാനാണ് സ്‌പേസര്‍ സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയില്‍ നിന്നും ഈ ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചിട്ടില്ലായിരുന്നു എന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതുപോലെ, വൈദ്യുതി ലൈനില്‍ നിന്നും സൈക്കിള്‍ ഷെഡിലേക്ക് ആവശ്യമായ സുരക്ഷാ അകലം പാലിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സൈക്കിള്‍ ഷെഡ് സ്ഥാപിക്കാന്‍ ഏതെങ്കിലും അനുമതി ലഭിച്ചിരുന്നോ എന്നതില്‍ സംശയമുണ്ടെന്ന് മന്ത്രി പറഞ്ഞു.

ലൈനിന് അടിയില്‍ ഒരു നിര്‍മാണം നടക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്. വൈദ്യുതി ലൈനുകളില്‍ കൃത്യമായി ഇടവേളകളില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന് വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം ഉള്ളതാണ്.

പ്രസ്തുത ലൈന്‍ കവചിത കേബിളുകളാക്കി മാറ്റുന്നതിനും ലൈനിനടിയില്‍ ഒരു പോസ്റ്റ് സ്ഥാപിക്കുന്നതിനുമുള്ള അനുമതി സ്‌കൂള്‍ മാനേജ്മെന്റിനോട് കെ.എസ്.ഇ.ബി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

അടുത്ത മാനേജ്മെന്റ് കമ്മിറ്റി മീറ്റിങിനു ശേഷം അറിയിക്കാമെന്നായിരുന്നു സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചത്. അടിയന്തരമായി കെഎസ്ഇബിയുടെ ലൈനുകള്‍ പരിശോധന നടത്തി ആവശ്യം വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയതായും അദേഹം പറഞ്ഞു.

മരണമടഞ്ഞ മിഥുന്റെ കുടുംബത്തിന് കെഎസ്ഇബി പ്രാഥമികമായി അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പിന്നീട് വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണ്ട ധനസഹായ തുക കൈമാറുമെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.