തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം കിഴാറൂര്‍ പശുവെണ്ണറ, കാറാത്തലവിള ബിജിലാല്‍ കൃഷ്ണ (42) ആറ് പേര്‍ക്ക് പുതുജീവനേകും. ബൈക്ക് അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ബിജിലാലിന്റെ രണ്ട് വൃക്കയും കരളും ഹൃദയവാല്‍വും രണ്ട് നേത്രപടലങ്ങളുമാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക് ദാനം ചെയ്തത്.
ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും നേത്രപടലം തിരുവനന്തപുരം റീജിയനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്കുമാണ് നല്‍കിയത്.
ജൂലൈ ഏഴിന് രാവിലെ 5:50 നാണ് തിരുവനന്തപുരം കവടിയാറില്‍ ബിജിലാല്‍ കൃഷ്ണ സഞ്ചരിച്ച ബൈക്ക് വാട്ടര്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ബിജിലാലിനെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജൂലൈ 17 ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.
അവയവദാനത്തിന് തയ്യാറായ ബിജിലാലിന്റെ കുടുംബത്തിന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാ കൈമാറ്റ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.