ഭോപ്പാല്‍: കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യയില്‍ ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീയായി ജീവിക്കുകയായിരുന്ന വ്യക്തി ബംഗ്ലാദേശ് സ്വദേശിയായ പുരുഷനെന്ന് പൊലീസ് കണ്ടെത്തി.
ഭോപ്പാലില്‍ 'നേഹ' എന്ന പേരില്‍ താമസിക്കുകയായിരുന്ന സ്ത്രീ, ബംഗ്ലാദേശിയായ അബ്ദുല്‍ കലാം ആണെന്നാണ് ഭോപ്പാല്‍ പൊലീസ് കണ്ടെത്തിയത്. ഇതോടെ അനധികൃത കുടിയേറ്റം, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ കലാമിനെ 30 ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയതായി പൊലീസ് വ്യക്തമാക്കി.
പത്താമത്തെ വയസിലാണ് അബ്ദുള്‍ കലാം ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് 20 വര്‍ഷം മുംബൈയിലായിരുന്നു. അതിന് ശേഷമാണ് ഭോപ്പാലിലെ ബുദ്ധ്വാരയിലെത്തിലത്. ഇവിടെ വച്ച് ട്രാസ്ജന്‍ഡറായി രൂപമാറ്റം നടത്തുകയും പ്രദേശത്തെ ഹിജഡ സംഘത്തില്‍ സജീവ പ്രവര്‍ത്തകയായി മാറുകയും ചെയ്തു. ഇതിനിടെ ആധാര്‍, റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങിയവും സ്വന്തമാക്കി. ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശ യാത്രകള്‍ നടത്തിയെന്നും പൊലീസ് പറഞ്ഞു.
പത്ത് വര്‍ഷത്തിലേറെയായി ഭോപ്പാലില്‍ താമസിച്ചു വരികയായിരുന്ന ഇയാള്‍ എല്ലാവരോടും നേഹ എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ജൈവശാസ്ത്രപരമായി ഇയാള്‍ ട്രാന്‍സ്ജെന്‍ഡറാണോ അതോ വ്യക്തിത്വം മറച്ചു വച്ചതാണോ എന്ന് നിര്‍ണയിക്കാന്‍ വൈദ്യ പരിശോധനകള്‍ നടത്തി വരികയാണ് പൊലീസ്.
കലാം മഹാരാഷ്ട്രയിലും ട്രാന്‍സ്ജന്‍ഡര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ കലാം വലിയൊരു ശൃംഖലയുടെ ഭാഗമാണോയെന്ന അന്വേഷണത്തിലാണ് പൊലീസ്. ട്രാന്‍സ്ജന്‍ഡര്‍ സംഘങ്ങളിലെ മറ്റുള്ളവരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇയാള്‍ക്ക് വ്യാജരേഖകള്‍ ചമയ്ക്കാന്‍ സഹായിച്ച രണ്ട് ചെറുപ്പക്കാരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫോണ്‍ കോള്‍ വിവരങ്ങളും സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്. ഒരു അജ്ഞാതന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് കലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കലാം ഇതിനിടെ ബംഗ്ലാദേശില്‍ പോയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.