'ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു. മകള്‍ക്ക് അയാളെ പേടിയായിരുന്നു. അതുല്യ ആത്മഹത്യ ചെയ്യില്ല. അവള്‍ ഗര്‍ഭിണിയായിരുന്ന സമയത്തും ഉപദ്രവമുണ്ടായിരുന്നു. ആത്മഹത്യ ചെയ്യുകയാണേല്‍ അപ്പോള്‍ ചെയ്യുമായിരുന്നു'.
കൊല്ലം: ഷാര്‍ജയില്‍ അതുല്യ(30) എന്ന യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരേ ഗുരുതര ആരോപണങ്ങള്‍. സതീഷില്‍ നിന്ന് കൊടിയ പീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്തായ യുവതി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സതീഷ് അതുല്യയെക്കൊണ്ട് മൂത്രം വരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞെന്നും സുഹൃത്ത് ആരോപിച്ചു.
അയാള്‍ക്ക് ഒരു ഭാര്യയെ അല്ല, ഒരു അടിമയാണ് വേണ്ടിയിരുന്നത്. ജോലിക്ക് പോകുമ്പോള്‍ മൂന്ന് നേരത്തെ ഭക്ഷണവും തയ്യാറാക്കി കൊടുക്കണം. ഷൂലേസ് വരെ അവള്‍ കെട്ടികൊടുത്താലേ അവന്‍ പുറത്തിറങ്ങുകയുള്ളൂ. ഉപയോഗിച്ച കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ് അത് തറയിലിട്ട് തുടച്ച ശേഷം അവളുടെ മുഖത്ത് വെച്ച് തുടച്ച സംഭവമുണ്ടായി.
കഴിഞ്ഞ തവണ അവള്‍ നാട്ടിലേക്ക് വരുന്നതിന് മുന്‍പ് കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ് പൊതിരെ തല്ലി. എന്നിട്ട് കര്‍ച്ചീഫ് കൊണ്ട് അടുക്കളയും കുളി മുറിയും തുടച്ചിട്ട് അവളുടെ മുഖത്തേക്കിട്ടു. ഇതാണ് നിനക്കുള്ള ശിക്ഷ എന്ന് പറഞ്ഞായിരുന്നു ഈ ഉപദ്രവമെന്നും സുഹൃത്തായ യുവതി പറഞ്ഞു.
ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു. മകള്‍ക്ക് അയാളെ പേടിയായിരുന്നു. നാട്ടില്‍ പോകണമെന്ന് അതുല്യ പറഞ്ഞിട്ടും വിട്ടില്ല. ആരെങ്കിലും വിളിച്ചാല്‍ അയാള്‍ക്ക് സംശയമാണ്. സ്പീക്കറിലിട്ട് അനങ്ങാതെ നിന്ന് കേള്‍ക്കും. അവനില്ലാത്ത സമയം നോക്കിയേ അവള്‍ വിളിക്കാറുള്ളൂ.
വിളിക്കുമ്പോഴെല്ലാം വിഷമങ്ങള്‍ പറയും. പക്ഷേ, ഒരിക്കലും അത് ആത്മഹത്യയിലേക്ക് എത്തില്ല. കാരണം ആത്മഹത്യ ചെയ്തേക്കാമായിരുന്ന വലിയ വലിയ പ്രശ്നങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. അപ്പോള്‍ ചെയ്തിട്ടില്ല. മരിക്കുന്നതിന് തലേ ദിവസം ഭയങ്കര സന്തോഷത്തോടെയാണ് അവള്‍ സംസാരിച്ചത്. ജോലിക്ക് കയറുന്നതിന്റെ സന്തോഷത്തിലായിരുന്നു.
തലേന്ന് രാത്രി 12.30 ന് നാളെ ജോലിക്ക് പോകുവാണെന്ന് സന്തോഷത്തോടെയാണ് മെസേജ് അയച്ചത്. പിന്നെ ആ നാല് മണിക്കൂറിനുള്ളില്‍ എന്താണ് സംഭവിച്ചതെന്നും യുവതി ചോദിക്കുന്നു.
അവള്‍ ഗര്‍ഭിണിയായിരുന്ന സമയത്തും ഉപദ്രവമുണ്ടായിരുന്നു. ആത്മഹത്യ ചെയ്യുകയാണേല്‍ അപ്പോള്‍ ചെയ്യുമായിരുന്നു. ഇത്രയും പ്രശ്നം സഹിച്ച വ്യക്തി ഒരിക്കലും പെട്ടന്ന് ആത്മഹത്യ ചെയ്യില്ല. കുഞ്ഞായിരുന്നു അവള്‍ക്ക് വലുത്. ആ കുഞ്ഞിനോട് അവന് യാതൊരു ആത്മാര്‍ഥതയുമില്ല. അവളെ ഒരിക്കലും പുറത്തേക്ക് വിടില്ല. മുറി പൂട്ടിയിട്ടാണ് അവന്‍ പുറത്തു പോയിരുന്നത്.
സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞാണ് വിവാഹ ശേഷം ആദ്യം ഉപദ്രവം തുടങ്ങിയത്. തന്റെ ശമ്പളത്തിന് ഇത്രയൊന്നും കിട്ടിയാല്‍ പോരെന്നായിരുന്നു അയാള്‍ പറഞ്ഞിരുന്നത്. അങ്ങനെ ആദ്യം കൊടുത്തതിനെക്കാള്‍ പിന്നെയും കൊടുക്കേണ്ടി വന്നു.
അവന്റെ വീട്ടില്‍ പോയി നിന്ന ദിവസങ്ങളില്ലെല്ലാം വഴക്കുണ്ടായി തിരിച്ചുവരും. ഏഴുമാസം ഗര്‍ഭിണിയായ സമയത്തും ഉപദ്രവിച്ചു. വയറ്റില്‍ ചവിട്ടി. പ്രസവം കഴിഞ്ഞ് കുറേനാള്‍ പിണങ്ങിക്കഴിഞ്ഞു. പിന്നെ അയാള്‍വന്നു. അങ്ങനെ അഡ്ജസ്റ്റ് ചെയ്തു പോവുകയായിരുന്നു.
നല്ലപോലെ പഠിക്കുന്ന കുട്ടിയായിരുന്നു അതുല്യ. റോഡില്‍ വെച്ച് കണ്ട് ഇഷ്ടപ്പെട്ടാണ് സതീഷ് വിവാഹാലോചനയുമായി വന്നത്. ഈ കല്യാണത്തിന് അവളുടെ വീട്ടുകാര്‍ക്കും താല്‍പര്യമില്ലായിരുന്നു. അവള്‍ പഠിക്കട്ടെയെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ, അവനും അവന്റെ അമ്മയും നിരന്തരം അവളുടെ വീട്ടിലെത്തി പെണ്ണ് ചോദിച്ചു. അങ്ങനെ അവരെ വിശ്വാസത്തിലെടുത്താണ് കല്യാണം നടക്കുന്നത്. പതിനേഴ് വയസില്‍ വിവാഹ നിശ്ചയം കഴിഞ്ഞു. പത്തൊമ്പതാം വയസില്‍ വിവാഹവും.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജ റോള പാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചവറ തെക്കുംഭാഗം കോയിവിള അതുല്യ ഭവനത്തില്‍ രാജശേഖരന്‍ പിള്ളയുടെയും തുളസിഭായ് പിള്ളയുടെയും മകളാണ് അതുല്യ. ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്‌ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്.
ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ഭര്‍ത്താവ് സതീഷ് ശങ്കര്‍ ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ എന്‍ജീനീയറാണ്. സതീഷ് ശങ്കര്‍ കൂട്ടുകാര്‍ക്കൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ മടങ്ങിയെത്തിയതോടെയാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതിമാരുടെ ഏക മകള്‍ ആരാധിക നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്.