പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; പഹൽഗാം ഭീകരാക്രമണം ചർച്ചയാകും

പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; പഹൽഗാം ഭീകരാക്രമണം ചർച്ചയാകും

ന്യൂഡല്‍‌ഹി: പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ചേരുന്ന ആദ്യ സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്രത്തെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ആദ്യ ദിനമായ ഇന്ന് സ്ത്രീ സുരക്ഷ അടക്കമുള്ള വിഷയം ഉന്നയിച്ച് പ്രതിപക്ഷം പാർലമെന്റിലേക്ക് മാർച്ച് നടത്തും. ആദായ നികുതി ഭേദഗതി ബില്ലടക്കം 12 ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരും. കേരളത്തിൽ നിന്നുള്ള സി. സദാനന്ദൻ രാവിലെ 11 മണിക്ക് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാർലമെന്റിൽ ആദ്യമായി ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ വരുന്ന സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേട്ടമായി അവതരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. എന്നാൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം പ്രധാനമന്ത്രി നേരിട്ട് വിശദീകരിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം.

ബിഹാർ വോട്ടർ പട്ടികയിലെ തീവ്ര പരിശോധന, വിദേശനയത്തിലെ പാളിച്ച, അഹമ്മദാബാദ് വിമാന ദുരന്തം എന്നീ വിഷയങ്ങളും ചർച്ച ചെയ്യണമെന്നാണ് ഇന്ത്യാ മുന്നണിയുടെ ആവശ്യം. ആദായ നികുതി ഭേദഗതി നിയമം പരിശോധിക്കുന്നതിനായി രൂപീകരിച്ച സെലക്‌ട് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ഫെബ്രുവരി 13ന് ലോക്‌സഭയിൽ അവതരിപ്പിച്ച പുതിയ ബിൽ സെലക്‌ട് കമ്മിറ്റിക്ക് വിടുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.