ന്യൂഡൽഹി: തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് നിന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആ ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണം. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ അജണ്ട കാണും. എന്നാൽ രാജ്യസുരക്ഷയിൽ ഒന്നിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘‘ഭാരതത്തിന്റെ സൈനിക ശക്തി ലോകം ഓപ്പറേഷൻ സിന്ദൂറിലൂടെ അറിഞ്ഞു. ഭാരതത്തിന്റെ സൈന്യം നൂറു ശതമാനവും ലക്ഷ്യം നേടി. ഭീകര കേന്ദ്രങ്ങൾ മിനിട്ടുകള്‍ക്കുള്ളിൽ ആക്രമിച്ച് തകർത്തു. ഇന്ത്യ നിർമിച്ച ആയുധങ്ങളുടെ കരുത്ത് വ്യക്തമായി. ലോകത്തിന്റെ ശ്രദ്ധ ഈ ആയുധങ്ങളിലേക്കെത്തി. ഈ സമ്മേളനം വിജയത്തിന്റെ ഉത്സവം’’– നരേന്ദ്ര മോഡി പറഞ്ഞു.
ഇന്ത്യയിൽ നിർമിക്കുന്ന ആയുധങ്ങളുടെ എണ്ണം വർധിക്കുകയാണെന്നും നക്സലറ്റുകളെ ഉൻമൂലനം ചെയ്തെന്നും മോഡി കൂട്ടിച്ചേർത്തു. ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ പതാക ഉയർന്നത് അഭിമാന നിമിഷമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ അഭിനന്ദിച്ചു.