തിരുവനന്തപുരം: ഏറെനാള്‍ തന്റെ കര്‍മ മണ്ഡലമായ തലസ്ഥാന നഗരത്തോട് വിടചൊല്ലി വി.എസ് അച്യുതാനന്‍. ജന്മനാടായ ആലപ്പുഴ പുന്നപ്രയിലേക്കുള്ള വിലാപ യാത്ര തുടങ്ങി. ഇന്ന് രാത്രി വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും.
ദേശീയ പാതയിലൂടെയുളള യാത്രയില്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം. തുടര്‍ന്ന് പൊലീസ് റീക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും.
തുടര്‍ന്ന് വൈകുന്നേരത്തോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. വി.എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. സംസ്‌കാരവും പൊതുദര്‍ശനവും പ്രമാണിച്ച് നാളെ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
ഇന്നലെ എകെജി സെന്ററിലും ഇന്ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലുമായി പതിനായിരങ്ങളാണ് വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. മകന്‍ അരുണ്‍ കുമാറിന്റെ കവടിയാറിലെ വീട്ടില്‍ നിന്നാണ് ഭൗതിക ശരീരം രാവിലെ ദര്‍ബാര്‍ ഹാളിലെത്തിച്ചത്.