കൊല്ലപ്പെടും വരെ മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ എഫ്ബിഐ നിരന്തരം നിരീക്ഷിച്ചു; വിവരങ്ങള്‍ പുറത്തു വിട്ട് ട്രംപ് ഭരണകൂടം

കൊല്ലപ്പെടും വരെ മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ എഫ്ബിഐ നിരന്തരം നിരീക്ഷിച്ചു; വിവരങ്ങള്‍ പുറത്തു വിട്ട് ട്രംപ് ഭരണകൂടം

മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ 6,000 ത്തിലധികം രേഖകളാണ് യു.എസ് നാഷണല്‍ ആര്‍ക്കൈവ്സ് വെബ്സൈറ്റ് വഴി പുറത്തു വിട്ടത്. എഫ്ബിഐ ആദ്യമായി ശേഖരിച്ച വിവരങ്ങളും കോടതി രേഖകളും ഉള്‍പ്പെടെയുള്ള 2,40,000 പേജുകളുള്ള വിവരങ്ങളാണ് പരസ്യമായത്.

വാഷിങ്ടണ്‍: അമേരിക്കയിലെ വര്‍ണ വിവേചനത്തിനെതിരെ പടവെട്ടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ ജീവിതവുമായി ബന്ധപ്പെട്ട് പുറംലോകം ഇതുവരെ അറിയാത്ത വിവരങ്ങള്‍ പുറത്തു വിട്ട് ട്രംപ് ഭരണ കൂടം.

മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ എഫ്ബിഐ വര്‍ഷങ്ങളോളം നിരീക്ഷിച്ചിരുന്നുവെന്ന വിവരങ്ങളാണ് പുറത്ത് വന്നത്. 1968 ല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നതു വരെ നൊബേല്‍ സമ്മാന ജേതാവ് കൂടിയായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ എഫ്ബിഐ നിരീക്ഷിച്ചിരുന്നു.

അധികാരമേറ്റതിന് തൊട്ടു പിന്നാലെ ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ കൊലപാതക വിവരങ്ങള്‍ വ്യക്തമാക്കുന്ന ഫയലുകള്‍ പുറത്തു വിട്ടത്. കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.

മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ 6,000 ത്തിലധികം രേഖകളാണ് യു.എസ് നാഷണല്‍ ആര്‍ക്കൈവ്സ് വെബ്സൈറ്റ് വഴി പുറത്തു വിട്ടത്. എഫ്ബിഐ ആദ്യമായി ശേഖരിച്ച വിവരങ്ങളും കോടതി രേഖകളും ഉള്‍പ്പെടെയുള്ള 2,40,000 പേജുകളുള്ള വിവരങ്ങളാണ് പരസ്യമായത്.

അന്വേഷണ സംഘം ശേഖരിച്ച വിവരങ്ങള്‍, രേഖകള്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ വധിച്ച ജെയിംസ് ഏള്‍ റേയുമായുള്ള അഭിമുഖം, ജെയിംസ് ഏള്‍ റേയുടെ വിവരങ്ങള്‍, അയാളുടെ സഹോദരന്‍ ജെറി റേയുമായി പൊലീസ് നടത്തിയ സംഭാഷണം എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പുറത്തു വന്നത്.

രേഖകളില്‍ പലതും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിയിട്ടില്ലെന്നും അവ സര്‍ക്കാര്‍ ആര്‍ക്കൈവുകളില്‍ സൂക്ഷിച്ചിരിക്കുകായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ജെയിംസ് ഏള്‍ റേ 1998 ല്‍ ജയിലില്‍ മരിച്ചു.

മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ മരണവുമായി ബന്ധപ്പെട്ട സുതാര്യമായ വിവരങ്ങള്‍ക്കായി അമേരിക്കന്‍ ജനത ഏകദേശം അറുപത് വര്‍ഷമായി കാത്തിരിക്കുകയായിരുന്നുവെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് പറഞ്ഞു. രേഖകള്‍ പുറത്തുവിട്ട ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ശരിയായ ലക്ഷ്യത്തിനല്ലെന്നും രേഖകള്‍ ദുരുപയോഗം ചെയ്യാനുള്ള ശ്രമത്തെ എതിര്‍ക്കുമെന്നും കുടുംബം അറിയിച്ചു.

മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി, സഹോദരന്‍ റോബര്‍ട്ട് എഫ്. കെന്നഡി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞിരുന്നു. റോബര്‍ട്ട് എഫ്. കെന്നഡിയുടെയും മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ജനുവരിയില്‍ ട്രംപ് ഒപ്പുവെക്കുകയും ചെയ്തു.

1963 നവംബറില്‍ ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകളും 1968 ജൂണില്‍ റോബര്‍ട്ട് എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഫയലുകളും നാഷണല്‍ ആര്‍ക്കൈവ്‌സ് ഏപ്രിലില്‍ പുറത്തു വിട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.