ആതിഥ്യം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുക; നമ്മെക്കാള്‍ വലിയവരോട് തുറവിയുള്ളവരായിരിക്കുക: മാര്‍പാപ്പയുടെ ഞായറാഴ്ച സന്ദേശം

ആതിഥ്യം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുക; നമ്മെക്കാള്‍ വലിയവരോട് തുറവിയുള്ളവരായിരിക്കുക: മാര്‍പാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാന്‍ സിറ്റി: നമ്മുടെ വാതിലില്‍ മുട്ടുകയും അകത്തു പ്രവേശിക്കാന്‍ അനുവാദം ചോദിക്കുകയും ചെയ്യുന്ന കര്‍ത്താവിനെ സ്വാഗതം ചെയ്യണമെന്ന് ഓര്‍മ്മപ്പെടുത്തി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. അതുപോലെ തന്നെ മറ്റുള്ളവരെ കേള്‍ക്കുകയും അവര്‍ക്ക് സ്വാഗതമരുളകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും മാര്‍പാപ്പാ എടുത്തുപറഞ്ഞു. ഞായറാഴ്ച ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പാ.

പഴയ നിയമത്തില്‍ നിന്നും പുതിയ നിയമത്തില്‍ നിന്നുമുള്ള അന്നേ ദിവസത്തെ ആരാധനക്രമ വായനകളെ ആസ്പദമാക്കി, ആതിഥ്യമര്യാദയെപ്പറ്റിയുള്ള ധ്യാന ചിന്തകളാണ് പാപ്പാ പങ്കുവച്ചത്. അബ്രാഹവും ഭാര്യ സാറായും കാണിച്ച ആതിഥ്യമര്യാദയും പിന്നീട്, യേശു മര്‍ത്തായുടെയും മറിയത്തിന്റെയും ആതിഥ്യം സ്വീകരിച്ചതും ചൂണ്ടിക്കാണിച്ച പാപ്പാ, ആതിഥ്യം നല്‍കുന്നതും സ്വീകരിക്കുന്നതും പരസ്പരം ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയാണെന്ന് വ്യക്തമാക്കി.
എളിമയോടെ ആതിഥ്യം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുക

കാരുണ്യം, കരുതല്‍, തുറവിയുള്ള മനസ് എന്നിവ യാഥാര്‍ത്ഥ ആതിഥ്യമര്യാദയുടെ ഭാഗമാണ്. അതുപോലെതന്നെയാണ് എളിമയുമെന്ന് പാപ്പ പറഞ്ഞു. അതീവ സേവനതല്‍പരതയുള്ളവളും ഉദാരമതിയുമായ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് മര്‍ത്താ. എങ്കിലും കര്‍ത്താവിനോടൊപ്പമായിരുന്ന്, അവിടുത്തെ വാക്കുകള്‍ കേള്‍ക്കുന്നതിന്റെ ആനന്ദം അവള്‍ നഷ്ടപ്പെടുത്തിക്കളഞ്ഞു. ഇതാണ് ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

നമ്മേക്കാള്‍ വലിയവയോട് തുറവിയുള്ളവരാകണം

നാം മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ശ്രദ്ധ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. നമ്മുടെ ജീവിതം അഭിവൃദ്ധി പ്രാപിക്കണമെങ്കില്‍ നമ്മേക്കാള്‍ വലിയവയോട് നമുക്ക് തുറവിയുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ, ജീവിതത്തില്‍ നമുക്ക് സന്തോഷവും സംതൃപ്തിയും അനുഭവിക്കാന്‍ സാധിക്കൂ എന്ന് പാപ്പാ വ്യക്തമാക്കി. മര്‍ത്തായുടെ സഹോദരിയായ മറിയം ഇത് മനസിലാക്കിയിരുന്നു. അതിനാല്‍ കര്‍ത്താവിനെ സ്വീകരിക്കാന്‍ മാത്രമല്ല അവിടുത്തെ കേള്‍ക്കുവാനും അവള്‍ തയ്യാറായി.

തിടുക്കം കൂട്ടുന്നവരാകാതെ കേള്‍ക്കുന്നവരാകാം

നല്ല ഭാഗം തിരഞ്ഞെടുക്കുന്നതില്‍ നാം പരാജയപ്പെടാതിരിക്കണമെങ്കില്‍, തിടുക്കം കൂട്ടുന്നവരാകാതെ, മറിയത്തിന്റെ മാതൃക പിന്തുടര്‍ന്ന് കേള്‍ക്കുന്നവരായി മാറണം. അതിഥി സല്‍ക്കാരം എന്നത് പരിശീലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ട ഒരു കലയാണെന്ന് മാര്‍പാപ്പ പറഞ്ഞു. നാം മറ്റുള്ളവരെ സ്വീകരിക്കുന്നതും നമ്മെത്തന്നെ മറ്റുള്ളവര്‍ക്ക് സ്വീകാര്യരാക്കുന്നതും ഇതിന്റെ ഭാഗമാണ്. കാരണം കൊടുക്കാന്‍ മാത്രമല്ല സ്വീകരിക്കാനും നമുക്ക് ഏറെയുണ്ട്. ദൈവവുമായോ മറ്റുള്ളവരുമായോ പ്രകൃതിയുമായോ ഉള്ള നമ്മുടെ കൂടിക്കാഴ്ചകള്‍ സൗജന്യമായി നമുക്ക് നല്‍കപ്പെടുന്ന ഓരോ അവസരങ്ങളായി മനസിലാക്കണമെന്ന് പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.

'നമ്മുടെ കര്‍ത്താവിനെ ഉദരത്തില്‍ സ്വീകരിക്കുകയും യൗസേപ്പിനോടൊപ്പം അവിടുത്തേക്കുവേണ്ടി ഒരു ഭവനം ഒരുക്കുകയും ചെയ്ത പരിശുദ്ധ കന്യകാമറിയത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാം. സഭയുടെയും നാമോരോരുത്തരുടെയും വിളിയുടെ മനോഹാരിത അവളില്‍ നമുക്ക് ദര്‍ശിക്കാം. നമ്മുടെ വാതിലില്‍ മുട്ടുകയും അകത്തു പ്രവേശിക്കാന്‍ അനുവാദം ചോദിക്കുകയും ചെയ്യുന്ന കര്‍ത്താവിനെ നമുക്ക് സ്വീകരിക്കാം, അതോടൊപ്പം എല്ലാവരെയും' - എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.

മാർപാപ്പമാരുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.