യുവജന ജൂബിലിക്കൊരുങ്ങി റോം; ബിഷപ്പ് റോബർട്ട് ബാരൺ യുഎസ് തീർത്ഥാടകരെ അഭിസംബോധന ചെയ്യും

യുവജന ജൂബിലിക്കൊരുങ്ങി റോം; ബിഷപ്പ് റോബർട്ട് ബാരൺ യുഎസ് തീർത്ഥാടകരെ അഭിസംബോധന ചെയ്യും

റോം: ജൂലൈ 28 മുതൽ ഓഗസ്റ്റ് മൂന്ന് വരെ റോമിൽ നടക്കുന്ന യുവജന ജൂബിലി ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് യുവാക്കളാണ് റോമിലേക്ക് ഒഴുകിയെത്തുന്നത്.

ജൂലൈ 30 ന് റോമിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ 3,500 ലധികം യുവ അമേരിക്കൻ തീർത്ഥാടകരെ എഴുത്തുകാരനും പ്രഭാഷകനും ദൈവശാസ്ത്രജ്ഞനുമായ ബിഷപ്പ് റോബർട്ട് ബാരൺ അഭിസംബോധന ചെയ്യും. ഇന്നത്തെ ലോകത്ത് ഒരു മിഷനറി സാക്ഷിയാകുക എന്നതിന്റെ അർത്ഥത്തെക്കുറിച്ച് ബിഷപ്പ് സംസാരിക്കും. ഡാളസിലെ ബിഷപ്പ് എഡ്വേർഡ് ബേൺസ് പ്രത്യേക ദിവ്യകാരുണ്യ ആരാധന നയിക്കും. EWTN ചാനലിൽ പരിപാടി സംപ്രേഷണം ചെയ്യും. USCCB യുടെ യൂട്യൂബ് ചാനലിലും ഒരു തത്സമയ സ്ട്രീം ലഭ്യമാകും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.

യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പുമാരുടെ നേതൃത്വത്തിൽ സെന്റ് പോൾ ഔട്ട്സൈഡ് ദി വാൾസിലെ പേപ്പൽ ബസിലിക്കയിൽ യുഎസ് ദേശീയ തീർത്ഥാടന സംഗമം നടക്കും. ദിവ്യകാരുണ്യ ആരാധന, മതബോധനം, അമേരിക്കൻ സഭയ്ക്കും കത്തോലിക്കാ യുവാക്കൾക്കും പ്രാധാന്യമുള്ള 12 വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണങ്ങൽ, പ്രദിക്ഷണം എന്നിവ സമ്മേളനത്തിൽ ഉണ്ടായിരിക്കും.

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന യുവജന ജൂബിലി വേളയിൽ വിവിധ സാംസ്കാരിക പരിപാടികൾ, പ്രാർത്ഥനാസമ്മേളനങ്ങൾ, കൂട്ടായ്മകൾ, വിശുദ്ധ വാതിൽ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാർത്ഥനകൾ, ആരാധനകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് രണ്ട് ശനിയാഴ്ച നടക്കുന്ന ജാഗരണ പ്രാർത്ഥനയിലും ഓഗസ്റ്റ് മൂന്ന് ഞായറാഴ്ച തോർ വെർഗാത്തയിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും ലിയോ പതിനാലാമൻ പാപ്പ സംബന്ധിക്കും.

ജൂലൈ ഇരുപത്തിയൊൻപതാം തീയതി വൈകുന്നേരം ഏഴ് മണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെയാണ് ഔദ്യോഗികമായി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കപ്പെടുന്നത്. ഓഗസ്റ്റ് മാസം ഒന്നാം തീയതി ചിർക്കോ മാസിമോയിൽ വച്ച് അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.