'മൃതദേഹങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടേതല്ല'; ആരോപണവുമായി എയര്‍ ഇന്ത്യ അപകടത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബങ്ങള്‍

'മൃതദേഹങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടേതല്ല'; ആരോപണവുമായി എയര്‍ ഇന്ത്യ അപകടത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബങ്ങള്‍

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തെ തുടര്‍ന്ന് തങ്ങള്‍ക്ക് ലഭിച്ച മൃതദേഹം മാറിപ്പോയെന്ന ആരോപണവുമായി അപകടത്തില്‍ കൊല്ലപ്പെട്ട രണ്ട് ബ്രിട്ടീഷ് പൗരന്‍മാരുടെ കുടുംബങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

വിമാനാപകടത്തില്‍ മരിച്ചവരുടെ 13 മൃതദേഹാവശിഷ്ടങ്ങളാണ് ബ്രിട്ടനിലേയ്ക്ക് കൊണ്ടുപോയത്. ഇതില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ മാറിപ്പോയതായാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. യു.കെയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ലഭിച്ചിരിക്കുന്ന മൃതദേഹം മറ്റാരുടേതോ ആണെന്നും കുടുംബം പറയുന്നു.

ജയിംസ് ഹീലി എന്ന അഭിഭാഷകനാണ് കുടുംബങ്ങള്‍ക്ക് വേണ്ടി ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. യു.കെ മാധ്യമമായ ഡെയ്‌ലി മെയിലിനോടാണ് അഭിഭാഷകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ലണ്ടനില്‍ വീണ്ടും ഡിഎന്‍എ പരിശോധന നടത്തിയതോടെയാണ് പൊരുത്തക്കേടുകള്‍ വ്യക്തമായതെന്നാണ് ജയിംസ് ഹീലി പറയുന്നത്.

ഇന്ത്യയില്‍ നടത്തിയ പരിശോധനയില്‍ മരിച്ച യാത്രക്കാരെ തിരിച്ചറിയുന്നതില്‍ പിഴവുണ്ടായിട്ടുണ്ടെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് ഇവരില്‍ ഒരാളുടെ കുടുംബം സംസ്‌കാരച്ചടങ്ങുകള്‍ റദ്ദാക്കിയതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നിലധികം പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒരു പെട്ടിയില്‍ ഒരുമിച്ചാണ് അയച്ചതെന്നും ആരോപണമുണ്ട്.

ജൂണ്‍ 12 ന് അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്നു വീണ് യാത്രക്കാരടക്കം 271 പേര്‍ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ മാത്രമല്ല ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. രണ്ട് പൈലറ്റുമാരും 10 ക്യാബിന്‍ ക്രൂ അംഗങ്ങളുമടക്കം 242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്നവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.