ലണ്ടന്‍: ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലെ വസ്ത്ര വ്യാപാര ശാലയില്‍ ഹിന്ദി സംസാരിച്ച ഇന്ത്യന്‍ തൊഴിലാളികള്‍ക്കെതിരെ പരാതിയുമായി ബ്രിട്ടീഷ് യുവതി.
ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയാണ് കടയിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്കെതിരെ കടയുടമയ്ക്ക് പരാതി നല്‍കിയത്. മനസിലാകാത്ത ഒരു ഭാഷയിലാണ് അവര്‍ പരസ്പരം സംസാരിച്ചതെന്നും ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നുമാണ് ബ്രിട്ടീഷ് യുവതിയുടെ നിലപാട്.
ലണ്ടന്‍ വിമാനത്താവളത്തിനുള്ളിലെ മാര്‍ക്‌സ് ആന്‍ഡ് സ്പെന്‍സര്‍ എന്ന വസ്ത്രവ്യാപാര ശാലയില്‍ എത്തിയതായിരുന്നു ലൂസി. അപ്പോള്‍ അവിടെയുള്ള ഇന്ത്യന്‍ വംശജരായ തൊഴിലാളികള്‍ ഹിന്ദിയില്‍ പരസ്പരം സംസാരിച്ചത് ലൂസിയെ ചൊടിപ്പിച്ചു. ഇതെന്ത് ഭാഷയാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്ന് ലൂസി ചോദിച്ചപ്പോള്‍ 'ഹിന്ദി' എന്ന് തൊഴിലാളികള്‍ മറുപടി നല്‍കി.
ഇതില്‍ പ്രകോപിതയായ ലൂസി കടയുടമയ്ക്ക് പരാതി നല്‍കുകയായിരുന്നു. തന്റെ പക്കല്‍ വോയിസ് റെക്കോര്‍ഡിങുകള്‍ ഉണ്ടെന്നും ഇവരെ എല്ലായ്പ്പോഴും നേരിടേണ്ടി വരുമെന്നുമുള്ള വംശീയത നിറഞ്ഞ അഭിപ്രായവും ലൂസി എക്സിലൂടെ പങ്കുവെച്ചു.
ലൂസിയുടെ ഈ പോസ്റ്റ് വലിയ വാദ പ്രതിവാദങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. നിരവധി പേരാണ് ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിട്ടുള്ളത്.
വംശീയമായ നിരവധി പ്രതികരണങ്ങള്‍ ലൂസിയുടെ ഈ പോസ്റ്റിന് ലഭിക്കുന്നുണ്ട്. ഇത്തരം കടകളില്‍ നിന്ന് തങ്ങള്‍ സാധനങ്ങള്‍ വാങ്ങില്ലെന്നും അവരെ റിപ്പോര്‍ട്ട് ചെയ്യേണ്ടത് അത്യാവശ്യമാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്.
എന്നാല്‍ ലൂസിയുടെ വംശീയ മനോഭാവത്തെ ചോദ്യം ചെയ്യുന്നവരും നിരവധിയാണ്. ലൂസി വെറും വംശീയ വാദിയാണെന്നും ഇതല്ല ശരിയായ രീതിയെന്നും നിരവധി പേര്‍ പറയുന്നുണ്ട്.