'അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും അടിസ്ഥാന രഹിതവും'; മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പൊലീസ് ആരോപണങ്ങള്‍ നിഷേധിച്ച് കേസില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെ കുടുംബങ്ങള്‍

'അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും അടിസ്ഥാന രഹിതവും'; മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പൊലീസ് ആരോപണങ്ങള്‍ നിഷേധിച്ച് കേസില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെ കുടുംബങ്ങള്‍

ദുര്‍ഗ്: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത്, മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി കേരളത്തില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീകളെയും നാരായണ്‍പൂരില്‍ നിന്നുള്ള ഒരു യുവാവിനെയും അറസ്റ്റ് ചെയ്തതില്‍ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. കേസില്‍ ഉള്‍പ്പെട്ട മൂന്ന് സ്ത്രീകളില്‍ രണ്ട് പേരുടെ കുടുംബങ്ങള്‍ പൊലീസിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് കുടുംബങ്ങള്‍ വ്യക്തമാക്കി.

ജൂലൈ 25 നാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സുകമാന്‍ മാണ്ഡവി എന്നിവരെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. ജോലി അവസരങ്ങളുടെ മറവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി സ്ത്രീകളെ ആഗ്രയിലേക്ക് കടത്തുകയാണെന്ന് ആരോപിച്ച് ബജ്‌റംഗദളിന്റെ പ്രാദേശിക അംഗമായ രവി നിഗം നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റം തള്ളി കേസില്‍ ഉള്‍പ്പെട്ട രണ്ട് സ്ത്രീകളുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തോട് കുടുംബം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

'ഞങ്ങളുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ആഗ്രയില്‍ ഒരു നഴ്‌സിങ് ജോലി സ്വീകരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ സഹോദരിയെ കന്യാസ്ത്രീകള്‍ക്കൊപ്പം അയച്ചു. ലക്നൗവില്‍ ഞാന്‍ നേരത്തെ അവരോടൊപ്പം ജോലി ചെയ്തിരുന്നു. ഈ അവസരം അവരെ സ്വയം പര്യാപ്തയാക്കാന്‍ സഹായിക്കും.' കേസില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീയുടെ മൂത്ത സഹോദരി വെളിപ്പെടുത്തി.

അഞ്ച് വര്‍ഷം മുമ്പേ തന്റെ കുടുംബം ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണ്. ജൂലൈ 24 ന് തന്റെ സഹോദരി സ്വന്തം ഇഷ്ടപ്രകാരം ജോലിയ്ക്കായി പോയതാണെന്നും മറ്റൊരു ബന്ധു പറഞ്ഞു. കന്യാസ്ത്രീകളെയും മാണ്ഡവിയെയും ഉടന്‍ മോചിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അറസ്റ്റുകള്‍ അന്യായവും അടിസ്ഥാനരഹിതവുമാണെന്ന് അവര്‍ വ്യക്തമാക്കി.

നാരായണ്‍പൂര്‍ എസ്പി റോബിന്‍സണ്‍ ഗുരിയ പറയുന്നതനുസരിച്ച്, മൂന്ന് കുടുംബങ്ങളും ജൂലൈ 26 ന് നാരായണ്‍പൂര്‍ പൊലീസില്‍ രേഖാമൂലമുള്ള പ്രസ്താവനകള്‍ സമര്‍പ്പിച്ചു എന്നാണ്. അതില്‍ തൊഴിലവസരങ്ങള്‍ക്കായി തങ്ങളുടെ പെണ്‍മക്കളെ കന്യാസ്ത്രീകള്‍ക്കൊപ്പം സ്വമേധയാ അയച്ചതായി സ്ഥിരീകരിച്ചിട്ടും ഉണ്ട്. രേഖാമൂലമുള്ള ഈ പ്രസ്താവനകള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് ഇപ്പോഴും സ്ഥിരീകരണത്തിനായി തെളിവുകള്‍ ശേഖരിക്കുന്ന പ്രക്രിയയിലാണെന്നും കേസ് ഇപ്പോഴും അന്വേഷണത്തിലാണെന്നുമാണ് ഒരു റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട്ചെയ്യുന്നു.

കനത്ത പ്രതിഷേധം

കന്യാസ്ത്രീകളുടെ അറസ്റ്റ് ഡല്‍ഹിയിലും കേരളത്തിലും പ്രതിഷേധത്തിന് കാരണമായി. ക്രിസ്ത്യന്‍ സംഘടനകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പ്രാദേശിക സഭാ നേതാക്കള്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. രാഷ്ട്രീയ സമ്മര്‍ദത്തിന് കീഴില്‍ നിരപരാധികളായ കന്യാസ്ത്രീകളെ ഉപദ്രവിച്ചുവെന്ന് കാത്തലിക് ബിഷപ് അസോസിയേഷന്‍ പ്രസ്താവന ഇറക്കുകയും അറസ്റ്റ് ചെയ്തവരെ നിരുപാധികം വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.